ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് സാധനം മോഷ്ടിക്കുന്നതിനിടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയില്‍. ശനിയാഴ്ച സിഡ്‌നി വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം. എയര്‍ ഇന്ത്യ റീജണല്‍ ഡയറക്ടര്‍ രോഹിത് ഭാസിയാണ് മോഷണ ശ്രമത്തിനിടെ പിടിയിലായത്. സംഭവം എയര്‍ ഇന്ത്യക്കാകെ നാണക്കേടുണ്ടാക്കിയതായി അധികൃതര്‍ പറഞ്ഞു.

സിഡ്‌നിയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ഇന്ത്യ എഎല്‍ 301 ഫ്‌ളൈറ്റ് പറത്താന്‍ ചുമതലപ്പെട്ടയാളായിരുന്നു രോഹിത്. എന്നാല്‍ വിമാനത്തില്‍ കയറുന്നതിന് തൊട്ട്മുമ്ബ് ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ കയറിയ രോഹിത് മോഷണ ശ്രമം നടത്തുന്നതിനിടെ പാഴ്‌സ് എടുത്തപ്പോഴാണ് പിടിയിലായത്. മോഷണ വിവരം ലഭിച്ചയുടനെ എയര്‍ഇന്ത്യ രോഹിതിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി.
എയര്‍ഇന്ത്യയുടെ മുതിര്‍ന്ന കമാന്‍ഡര്‍മാരിലൊരാളായ രോഹിതിനെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതായും മാനേജ്‌മെന്റിന്റെ സമ്മതിമില്ലാതെ ഇയാള്‍ ഇനി എയര്‍ഇന്ത്യ ഓഫീസില്‍ പ്രവേശിക്കരുതെന്നും നിര്‍ദേശം നല്‍കിയിച്ചുണ്ട്. കഴിഞ്ഞ മെയില്‍ ഷാര്‍ജയില്‍ മദ്യപിച്ച അവസ്ഥയില്‍ പൈലറ്റിനെ കണ്ടെത്തിയതും എയര്‍ഇന്ത്യയെ മോശമായി ബാധിച്ചിരുന്നു.