ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വാദം തള്ളി പരാതിക്കാരി രംഗത്ത്. കോടിയേരിയ്ക്ക് എല്ലാ കാര്യങ്ങളും അറിയാമെന്ന് പരാതിക്കാരി പറഞ്ഞു. ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്ന് അവര്‍ പറഞ്ഞു.
‘താനും ബിനോയിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കോടിയേരിയുടെ ഭാര്യയ്ക്ക് എല്ലാം അറിയാം. അവര്‍ പലതവണ താനുമായി സംസാരിച്ചിട്ടുണ്ട്. മുംബൈയില്‍ വന്ന് കോടിയേരിയുടെ ഭാര്യ തന്നെ കണ്ടിട്ടുണ്ട്.’ ഇക്കാര്യങ്ങളെല്ലാം കോടിയേരിക്കും അറിയാമെന്നും മറിച്ചുള്ള കോടിയേരിയുടെ വാദം കള്ളമാണെന്നും യുവതി പറയുന്നു.
ബിനോയിയുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് സംസാരിച്ചിരുന്നുവെന്ന് നേരത്തെ യുവതിയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. വിവാഹവാഗ്ദാനം നല്‍കി ബിനോയ് വഞ്ചിച്ചതും ഭീഷണിപ്പെടുത്തിയതും അടക്കമുള്ള കാര്യങ്ങളില്‍ നീതി തേടി പലതവണ കോടിയേരിയെ കണ്ടു. സുഹൃത്തുകളെ കൊണ്ട് സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയും കുടുംബവും പറയുന്നു. നിങ്ങള്‍ എന്തു വേണമെങ്കിലും ആയിക്കോളൂ എന്ന നിലപാടാണ് കോടിയേരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും യുവതിയും കുടുംബവും ആരോപിക്കുന്നു.
ബിനോയ്ക്കെതിരായി മുംബൈ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പരിശോധിച്ച് അതിന്റെ നിജസ്ഥിതി നിയമപരമായി കണ്ടെത്തേണ്ടതാണെന്നും ആരോപണ വിധേയനായ വ്യക്തിയെ സഹായിക്കുന്നതിനോ സംരക്ഷിക്കുന്നതിനോ ഉള്ള ഒരു നടപടിയോ താനോ പാര്‍ട്ടിയോ സ്വീകരിച്ചിട്ടില്ലെന്നും ഇനി സ്വീകരിക്കുകയുമില്ലെന്നും കോടിയേരി പറഞ്ഞു.