നഗരസഭ അധ്യക്ഷ പി.കെ ശ്യാമളയുടെ രാജി സന്നദ്ധത തളളി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. എന്നാല്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യക്ക് കാരണമായ സംഭവങ്ങളില്‍ ശ്യാമളക്ക് ജാഗ്രതക്കുറവുണ്ടായെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. അതേസമയം ശ്യാമളക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് സാജന്‍റെ ഭാര്യ ബീന പറഞ്ഞു.
പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യക്ക് കാരണമായ സംഭവങ്ങളില്‍ പി.കെ ശ്യാമളക്കെതിരെ പാര്‍ട്ടിക്കുളളില്‍ നിന്ന് തന്നെ ശക്തമായ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് ഇന്ന് സി.പി.എം അടിയന്തര ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. വിവാദങ്ങള്‍ സംബന്ധിച്ച്‌ വിശദീകരണം നല്‍കാന്‍ ജില്ലാ കമ്മറ്റി അംഗം കൂടിയായ ശ്യാമളയെ സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് വിളിച്ച്‌ വരുത്തിയിരുന്നു. നഗരസഭാ അധ്യക്ഷ സ്ഥാനം രാജിവെക്കാനുളള സന്നദ്ധത പി.കെ ശ്യാമള സെക്രട്ടറിയേറ്റിനെ അറിയിച്ചു. എന്നാല്‍ തത്ക്കാലം രാജി വേണ്ടന്നായിരുന്നു സെക്രട്ടറിയേറ്റിന്‍റെ തീരുമാനം.
സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ തിടുക്കപ്പെട്ട് രാജി നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കാന്‍ കാരണമാകുമെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ഈ നിലപാട് തന്നെയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വവും സ്വീകരിച്ചത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൌണ്‍സിലിന് മുകളില്‍ സെക്രട്ടറിമാര്‍ വാഴുന്ന അവസ്ഥ ഉണ്ടാകരുത്. ഇതിനായി നിയമനിര്‍മാണം നടത്തണം. നഗരസഭാധ്യക്ഷ പി.കെ ശ്യാമളയെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.