പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭത്തില്‍ ആന്തൂരിലെ ഇടതു ഭരണസമിതിക്ക് വീഴ്ച പറ്റിയെന്നു സമ്മതിച്ച് മുന്‍ജില്ലാ സെക്രട്ടറി പി.ജയരാജന്‍. സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് ആന്തൂര്‍ നഗരസഭാ സെക്രട്ടറി സ്വീകരിച്ചതെന്നും ഇവരെ തിരുത്താനോ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്താനോ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്ക് സാധിച്ചില്ലെന്നും പി.ജയരാജന്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ പറയുന്നത് കേട്ട് അതു നടപ്പാക്കലല്ല ജനപ്രതിനിധികള്‍ ചെയ്യേണ്ടത്. ജില്ലാ സെക്രട്ടേറിയറ്റും തളിപ്പറമ്ബ് ഏരിയ കമ്മിറ്റിയും വിഷയം പരിഗണിച്ചതാണെന്നും ജയരാജന്‍ പറഞ്ഞു. ധര്‍മശാലയില്‍ സി.പി.എം സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാജന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികളുണ്ടാകും. നഗരസഭാ സെക്രട്ടറിയുടെ ദുര്‍വാശിയാണ് സാജന്റെ മരണത്തിന് കാരണം. ഉദ്യോഗസ്ഥരെ തിരുത്താന്‍ അധ്യക്ഷയ്ക്കു കഴിഞ്ഞില്ല. സാജനുമായി അടുപ്പമുണ്ടായിരുന്നെങ്കിലും പരാതി പറഞ്ഞിട്ടില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.
ആന്തൂര്‍ നഗരസഭയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തിയിരുന്നു. ചട്ടലംഘനം നടന്നതായും ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്നതില്‍ നഗരസഭാ സെക്രട്ടറി നിഷേധാത്മക നിലപാട് സ്വീകരിച്ചിരുന്നുവെന്നും പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു. അതിനെ മറികടന്ന് കാര്യങ്ങള്‍ ചെയ്യാന്‍ നഗരസഭാ അധ്യക്ഷയ്ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. അങ്ങനെയാണ് സംയുക്തപരിശോധന നടന്നത്.
ആന്തൂരിലെ പ്രവാസിവ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.എമ്മിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സി.പി.എം വിശദീകരണയോഗം സംഘടിപ്പിച്ചത്. പി.കെ. ശ്യാമളക്കെതിരെ പാര്‍ട്ടിക്കുള്ളില്‍നിന്നുപോലും എതിര്‍പ്പ് ശക്തമായതും നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.