പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തറന്നകത്തെഴുതി മോഡിയുടെ നിരന്തര വിമര്‍ശകനായ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. 1990ലെ കസ്റ്റഡി മരണക്കേസില്‍ കഴിഞ്ഞ ദിവസം ജാംനഗര്‍ കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചിരുന്നു. 1996ലെ അഭിഭാഷകനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിയവേയാണ് മൂന്ന് പതിറ്റാണ്ട് മുമ്ബത്തെ കേസില്‍ സഞ്ജീവ് ഭട്ട് ശിക്ഷിക്കപ്പെട്ടത്. ഈ സാഹചര്യത്തിലാണ് മോദിക്ക് സഞ്ജീവ് ഭട്ട് കത്തെഴുതിയത്.
ഗുജറാത്ത് വര്‍ഗീയ കലാപത്തെ സഹായിക്കും വിധം അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി പ്രവര്‍ത്തിച്ചു എന്ന് സഞ്ജീവ് ഭട്ട് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഗുജറാത്ത് സര്‍ക്കാരിന്റെ പ്രതികാര നടപടികളുടെ ഭാഗമായി എന്ന് ആരോപിക്കപ്പെടുന്ന തരത്തില്‍ നിസാരമായ കാരണങ്ങളില്‍ അദ്ദേഹത്തെ ആദ്യം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും 2015ല്‍ പുറത്താക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്. വല്ലപ്പോഴും സ്വന്തം മുഖംമൂടി മാറ്റി അവനവനെക്കുറിച്ച്‌ ആലോചിച്ച്‌ നോക്കുന്നത് നല്ലതാണ് എന്ന് മോദിയോട് സഞ്ജീവ് ഭട്ട് പറയുന്നു.
സഞ്ജീവ് ഭട്ടിന്റെ കത്ത് – പൂര്‍ണരൂപം
താങ്കളുടെ അടുത്ത അനുയായികളായിരുന്ന ഡോ.മായ കോദ്‌നാനിയും ബാബു ബജ്രംഗിയും ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ജയിലിലുള്ള മറ്റ് ഹിന്ദുത്വവാദികളേടേയും കാര്യം താങ്കള്‍ക്ക് അറിയാമായിരിക്കും എന്ന് കരുതുന്നു. താങ്കള്‍ ഇവരില്‍ നിന്ന് സമര്‍ത്ഥമായി അകലം പാലിക്കുകയായിരുന്നോ. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്ന നിരപരാധികളുടെ കുടുംബാംഗങ്ങളുടെ അവസ്ഥ നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? നിങ്ങള്‍ ഒരിക്കല്‍ വിവാഹിതനായിരുന്നു എന്നാണ് കരുതുന്നത്. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ സാധാരണ മനുഷ്യരെ പോലെ നിങ്ങള്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ചും കുട്ടികള്‍ ഉണ്ടാകുന്നതിനെക്കുറിച്ചുമെല്ലാം ആലോചിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്ന നിരപരാധികളുടെ ഭാര്യമാരേയും കുട്ടികളേയും കുറിച്ച്‌ നിങ്ങള്‍ എപ്പോളെങ്കിലും ആലോചിച്ചിട്ടുണ്ടോ?
മിസ്റ്റര്‍ മോദി, താങ്കള്‍ എപ്പോളെങ്കിലും താങ്കളുടെ യഥാര്‍ത്ഥ മുഖം കാണാന്‍ ശ്രമിച്ചിട്ടുണ്ടോ?
ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളെല്ലാം അഴിച്ച്‌ നിങ്ങള്‍ നിങ്ങളെ നോക്കിയിട്ടുണ്ടോ? മുഖംമൂടിക്ക് പിന്നില്‍ മറഞ്ഞിരിക്കുന്ന നിങ്ങളുടെ യാഥാര്‍ത്ഥ മുഖത്തേയ്ക്ക് നോക്കിയിട്ടുണ്ടോ?
മീഡിയ മാനേജര്‍മാര്‍ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയ്ക്ക് അടിയിലുള്ള നിങ്ങളുടെ യഥാര്‍ത്ഥ സ്വത്വത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ നിങ്ങള്‍ക്കൊപ്പമുള്ളവരെ കൊലയ്ക്ക് കൊടുത്ത് അധികാരം നിലനിര്‍ത്തുന്നത് ശരിയാണോ എന്ന് ആലോചിച്ചിട്ടുണ്ടോ മറ്റൊരു മനുഷ്യനെ, നിങ്ങളുടെ വിശ്വാസങ്ങള്‍ക്ക് എതിരാണ് എന്നതുകൊണ്ട് മാത്രം കൊല്ലുന്നത് ശരിയാണോ എന്ന് സ്വയം ചോദിച്ചിട്ടുണ്ടോ നിങ്ങള്‍ക്ക് സമയവും ബുദ്ധിയും അവസരവും ഉണ്ടാകുന്ന സമയത്ത് ഈ ചോദ്യങ്ങള്‍ക്കെല്ലാം സത്യസന്ധമായ ഉത്തരം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.
ദൈവം അനുഗ്രഹിക്കട്ടെ,
സഞ്ജീവ് ഭട്ട്