ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എം.ബി രാജേഷിനെ പരാജയപ്പെടുത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.കെ. ശ്രീകണ്ഠന്‍ താടി വടിച്ച് തന്റെ പ്രതികാരം ചെയ്തു. ശക്തമായി ഇടത് കോട്ടകള്‍ തകര്‍ത്താണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ മുന്നേറിയത്. എല്‍.ഡി.എഫ് വിജയം ഉറപ്പിച്ച പാലക്കാട് എല്‍.ഡി.എഫ് ജയിച്ച പല നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ് മുന്നേറി. മുപ്പത് വര്‍ഷത്തെ പ്രതികാരണമാണ് തന്റെ വിജയത്തിന് ശേഷം എം.പി തീര്‍ത്തത്.
ഷൊര്‍ണൂര്‍ എസ്.എന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ശ്രീകണ്ഠനെതിരെ എസ്.എഫ്.ഐ -ഡി.വെെ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിരുന്നു. അതിനിടെ അക്രമികളിലൊരാള്‍ സോഡാക്കുപ്പി പൊട്ടിച്ച് ശ്രീകണ്‌ഠന്റെ മുഖത്ത് കുത്തി. ഇടതുകവിള്‍ തുളച്ച ഗ്ലാസ് വായ്‌ക്കുള്ളില്‍ വരെയെത്തി. ആശുപത്രിയിലെ ഐ.സി.യുവില്‍ ശ്രീകണ്ഠന്‍ എത്തിയത് 13 തുന്നലുകളുമായാണ്. ആശുപത്രി വിട്ടിട്ടും വെളുത്ത മുഖത്ത് ‘എല്‍’ ആകൃതിയില്‍ ആ മുറിപ്പാട് മായാതെ കിടന്നു. ആ ധര്‍മസങ്കടത്തില്‍ നിന്നും പുറത്തു കടക്കാനാണ് താടി വളര്‍ത്താനുള്ള തീരുമാനത്തില്‍ അദ്ദേഹമെത്തുന്നത്.
മുഖത്തെ മുറിവുണങ്ങുന്നതുവരെ ഷേവ് ചെയ്യരുതെന്ന ഡോക്ടറുടെ ഉപദേശവും അതിന് പിന്നിലുണ്ടായിരുന്നു. എതിര്‍ പാര്‍ട്ടിക്കാര്‍ തീര്‍ത്ത മുറിപാടിനുമേല്‍ താടി വളര്‍ന്നുതുടങ്ങിയതോടെ മുഖത്ത് മാറ്റം വന്നുതുടങ്ങിയതായി ശ്രീകണ്‌ഠനുംതോന്നി. പതിയെ ആ താടി ശ്രീകണ്‌ഠന്റെ മുഖത്തിന്റെ ഭാഗമാവുകയും ചെയ്‌തു. പക്ഷേ അതോടെവേറൊരുചോദ്യം അദ്ദേഹത്തിന് നേരെ ഉയരാന്‍ തുടങ്ങി. ‘എന്ന് താടി വടിക്കും?’ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തുടര്‍ച്ചയായിചോദ്യങ്ങളുയര്‍ന്നതോടെ ‘എന്നെ ആക്രമിച്ച പ്രസ്ഥാനത്തെ തോല്‍പ്പിക്കുന്ന അന്നുമാത്രമേ താടിയെടുക്കൂ’ എന്ന് ശ്രീകണ്ഠന്‍ ഉറപ്പിച്ച് പറയുകയായിരുന്നു.
അങ്ങനെ തന്റെ നീണ്ട വര്‍ഷത്തെ ശപഥം വീട്ടിയിരിക്കുകണ് ശ്രീകണ്ഠന്‍. ഇക്കര്യം അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
വാക്കുകള്‍ പാലിക്കുവാന്‍ ഉള്ളതാണ്. സി.പി.ഐ(എം ) പാലക്കാട് ജില്ലയില്‍ സമ്ബൂര്‍ണമായി പരാജയപ്പെടുന്ന സമയത്ത് മാത്രമേ ഞാന്‍ എന്റെ താടി എടുക്കുകയുള്ളൂ എന്ന് പറഞ്ഞിരുന്നുവല്ലോ. ഇന്ന് നമ്മള്‍ അവരെ ഈ ജില്ലയില്‍ നിലംപരിശാക്കി. അവര്‍ സമ്ബൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു, ഇനി ഞാന്‍ എന്റെ വാക്ക് പാലിക്കുന്നു.- ശ്രീകണ്ഠന്‍ ഫേസ്ബുക്കില്‍ കുറിച്ചു.