വടകരയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി.നസീറിനെ ആക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സിപിഎം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ മുന്‍ സെക്രട്ടറിയും എഎന്‍ ഷംസീര്‍ എംഎല്‍എയുടെ മുന്‍ ഡ്രൈവറുമായ എന്‍ കെ രാജേഷാണ് പൊലീസ് പിടിയിലായത്.

പൊലീസ് കസ്റ്റഡിയിലുള്ള കൊട്ടിയൂര്‍ സന്തോഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. നസീറിനെ ആക്രമിച്ച ദിവസം രാജേഷ് സന്തോഷിനെ 12 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. നസീറിനെ അക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് രാജേഷാണെന്ന് സന്തോഷ് മൊഴി നല്‍കിയിരുന്നു.

മെയ് 18 നാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീറിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ച ശേഷം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. വധശ്രമത്തില്‍ ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് നസീര്‍ നേരത്തെ പറഞ്ഞിരുന്നു. രാജേഷിനെ അറസ്റ്റ് ചെയ്തതോടെ നസീര്‍ വധക്കേസില്‍ ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്.