ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ഫോറന്‍സിക് പരിശോധന നടന്നത് വളരെ വൈകി. വലിയ അപകടങ്ങളുണ്ടായാല്‍ എത്രയും വേഗം ഫോറന്‍സിക് പരിശോധന നടത്തണമെന്നാണ് ചട്ടം. എന്നാല്‍ പള്ളിപ്പുറത്തെ അപകടസ്ഥലത്ത് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ എത്തിയത് ഏറെ വൈകിയാണ്. സാധാരണ അപകടം എന്ന നിലയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇതിനെ കണ്ടതാണ് ഫോറന്‍സിക് പരിശോധന വൈകാന്‍ കാരണം. വൈകി നടത്തിയ ഫോറന്‍സിക് പരിശോധന യഥാര്‍ത്ഥ ഫലം ലഭിക്കുന്നതിന് തടസമായി. ഇതാണ് ആദ്യഘട്ട ഫോറന്‍സിക് പരിശോധനാ ഫലം പുറത്തു വരാത്തതിന് കാരണം. നിശ്ചിത സമയം കഴിഞ്ഞാണ് പരിശോധന നടത്തുന്നതെങ്കില്‍ വാഹനത്തിലെ രക്തക്കറയും മറ്റും ശരിയായി കിട്ടണമെന്നില്ല. വാഹനത്തില്‍ ഉണ്ടായിരുന്നവരുടെ മുടിയും അപകടസമയത്ത് അവര്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പാടുകളും മാത്രമേ ലഭിക്കുകയുള്ളു. ഇതാണ് അപകടം നടന്ന സമയത്ത് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്. എന്നാല്‍ ഇതില്‍ നിന്നൊന്നും വാഹനം ഓടിച്ചത് ആരാണെന്ന് കണ്ടെത്താന്‍ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അപകടം നടന്ന് എട്ടു മണിക്കൂറിനുള്ളില്‍ നടത്തുന്ന ഫോറന്‍സിക് പരിശോധനയിലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തപ്പോഴും ഫോറന്‍സിക് പരിശോധന നടത്തിയിരുന്നു. എന്നാല്‍ വാഹനത്തില്‍ നിന്ന് കൂടുതലൊന്നും തെളിവായി ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. മാത്രമല്ല അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബാലുവിന്റെ തകര്‍ന്ന വാഹനം മംഗലപുരം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തും മുമ്ബാണ് വാഹനം മാറ്റിയത്. ഇതുകാരണം വാഹനം എത്ര കിലോമീറ്റര്‍ വേഗതയിലായിരുന്നുവെന്നു കണ്ടെത്താനോ, ബ്രേക്ക് ടെസ്റ്റ് നടത്താനോ സാധിച്ചിട്ടില്ല. ഇടിച്ച മരവും വാഹനവും തമ്മിലുള്ള അകലവും അന്വേഷണത്തിന് നിര്‍ണ്ണായകമാണ്. ഇതൊന്നും പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് സാധിച്ചിരുന്നില്ല. മംഗലപുരം പൊലീസ് സ്‌റ്റേഷനിലെത്തിയാണ് വാഹനം പരിശോധിച്ചത്. എന്‍ജിന്‍ വാഹനത്തിന്റെ ഉള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലാണെന്നു മാത്രമാണ് അന്ന് കണ്ടെത്തിയത്. മാത്രമല്ല അപകടസമയം ഒരാള്‍ മാത്രമേ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുള്ളു. ബാലുവിന്റെ ഭാര്യ ലക്ഷ്മിയാണ് സീറ്റ് ബെല്‍റ്റ് ധരിച്ചതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതു തെളിയിക്കുന്ന രേഖകള്‍ അന്നു തന്നെ മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് അവര്‍ അന്ന് കേസന്വേഷിച്ചിരുന്ന ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍ കുമാറിന് കൈമാറുകയും ചെയ്തു. എന്നാല്‍ മറ്റു പരിശോധനകളൊന്നും നടന്നില്ല.
അപകടസമയം വാഹനം ഓടിച്ചത് ആരെന്ന് കണ്ടെത്തുന്നതിന് കഴിഞ്ഞ ദിവസവും അപകടം പുനരാവിഷ്‌കരിച്ചിരുന്നു. രണ്ടര മണിക്കൂര്‍ നീണ്ട പരിശോധനയില്‍ വ്യക്തമായ ധാരണയിലെത്താന്‍ ക്രൈംബ്രാഞ്ചിനായിട്ടില്ല.