ആന്തൂർ നഗരസഭ ചെയർ പേഴ്സൺ പികെ ശ്യാമളയ്ക്കെതിരെ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ ഭാര്യ ഇ.പി ബീന മുഖ്യമന്ത്രിക്ക് പരാതി നൽകി. ശ്യാമളയ്ക്കും ഉദ്യോഗസ്ഥർക്കുമെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. പി.കെ ശ്യാമള , സെക്രട്ടറി എം.കെ ഗിരീഷ് , മുനിസിപ്പൽ എഞ്ചിനീയർ കലേഷ് എന്നിവർക്കെതിരെയാണ് പരാതി.
കെട്ടിട നിർമ്മാണ ചട്ടങ്ങളെല്ലാം പാലിച്ചാണ് സാജൻ കൺവെൻഷൻ സെന്റർ വച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ടൗൺ പ്ളാനിംഗ് ഡിപ്പാർട്ട്മെന്റ് ഇത് അംഗീകരിച്ചിട്ടുള്ളതുമാണ്. വിദേശത്ത് ജോലി ചെയ്തുണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ചാണ് ഓഡിറ്റോറിയം പണിഞ്ഞതെന്നും പരാതിയിൽ പറയുന്നു. ഇതുവരെ 18 കോടിയാണ് മുതൽ മുടക്കിയത്. മുടന്തൻ ന്യായങ്ങൾ ഉപയോഗിച്ച് കംപ്ലീഷൻ സർട്ടിഫിക്കറ്റ് തടഞ്ഞു വെക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കമ്പ്ലീഷൻ പ്ലാൻ സമർപ്പിച്ചത് മുതൽ ഉദ്യോഗസ്ഥരേയും ചെയർപേഴ്സണേയും നിരന്തരം പോയി കണ്ടിട്ടും ഓഡിറ്റോറിയം തുടങ്ങാൻ ഒരിക്കലും അനുവദിക്കില്ലെന്നായിരുന്നു മറുപടിയെന്നും പരാതിയിൽ ആരോപിക്കുന്നു. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് സാജന്റെ അദ്ധ്വാനവും സമ്പാദ്യവും നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയപ്പോഴാണ് ആത്മഹത്യയിൽ അഭയം പ്രാപിച്ചതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.