കണ്ണൂർ, വിയ്യൂർ സെൻട്രൽ ജയിലുകളിൽ റെയ്ഡ്. ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂരിൽ മിന്നൽ പരിശോധന. പുലർച്ചെ നാല് മണി മുതൽ നടത്തിയ റെയ്ഡിൽ കഞ്ചാവും മൊബൈൽ ഫോണുകളും അടക്കം പിടിച്ചെടുത്തു.

ഐ.ജി അശോക് യാദവ്, കണ്ണൂര് എസ് പി എന്നിവർ സിംഗിന് ഒപ്പം ഉണ്ടായിരുന്നു. ഏഴ് കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്. റെയ്ഡില് പിടിച്ചെടുത്ത സാധനങ്ങളുടെ എണ്ണവും മറ്റും ചിട്ടപ്പെടുത്തിയ ശേഷം ഇതിന്റെ കണക്കുകൾ ഡിജിപി പുറത്തു വിടും. ജയിലിനുള്ളിൽ ഇത്തരത്തിൽ അനധികൃതമായി ഓരോ കാര്യങ്ങൾ നടക്കുന്നുവെന്ന് നേരത്തെ തന്നെ ഋഷിരാജ് സിംഗിന് വിവരം ലഭിച്ചിരുന്നു. അതിനാലാണ് ഉടൻ തന്നെ റെയ്ഡ് നടത്തിയത്.

അതിനിടെ വിയ്യൂർ ജയിലിൽ നടന്ന റെയ്ഡിനിടയിൽ ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ഷാഫിയുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടികൂടിയിട്ടുണ്ട്. രണ്ട് മൊബൈൽ ഫോണുകളാണ് ഷാഫിയുടെ കയ്യിൽ നിന്നും പിടികൂടിയത്. മുൻപും ഷാഫിയുടെ കയ്യിൽ നിന്നും ഫോൺ പിടികൂടിയിട്ടുണ്ട്.