മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ കേരളം സഹായിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ജലനിരപ്പുയർത്തിയാൽ മൂന്ന് ജില്ലകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിലെ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് പളനിസാമിയുടെ അഭ്യർഥന. ഡാമിൽ അറ്റകൂറ്റപ്പണികൾ യഥാസമയം നടത്താൻ അനുവദിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ട്രെയിന്‍ മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളമെത്തിക്കാമെന്ന കേരളത്തിന്റെ നിർദേശത്തെ തമിഴ്നാട് ആദ്യം തള്ളി എങ്കിലും പിന്നീട് സ്വാഗതം ചെയ്തു. എന്നാൽ കേരളം നൽകാമെന്നു പറഞ്ഞ വെള്ളം ഒരു ദിവസത്തേക്കുപോലും തികയില്ലെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറയുന്നത്.
എല്ലാ ദിവസവും വെള്ളം നൽകണമെന്ന് അഭ്യർഥിച്ച് കേരള മുഖ്യമന്ത്രിക്ക് കത്തയക്കുമെന്നും പളനിസാമി വിശദമാക്കി. തമിഴ്നാട്ടിലേക്ക് ട്രെയിന്‍ മാര്‍ഗം 20 ലക്ഷം ലിറ്റര്‍ കുടിവെള്ളമെത്തിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കഴിഞ്ഞ ദിവസം തമിഴ്നാട് മുഖ്യമന്ത്രിയെ അറിയിച്ചത്.