മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം മാസങ്ങള്‍ പിന്നിട്ടിട്ടും എങ്ങും എത്തിയില്ല. മുനമ്പത്തു നിന്നും പുറപ്പെട്ട യാത്രക്കാരെയും ബോട്ടും കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളുടെ സഹായം തേടിയെങ്കിലും ഇതുവരെ ഇവരില്‍ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. ബോട്ടിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണം എന്നാവശ്യപ്പെട്ട് പസഫിക് സമുദ്രങ്ങളിലെ രാജ്യങ്ങള്‍ക്കാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കത്തയച്ചിരുന്നത്. പസഫിക് സമുദ്രത്തിലെ നിരവധി രാജ്യങ്ങള്‍ക്ക് ബോട്ടിനെ കുറിച്ച് എന്തെങ്കിലും വിവരമുണ്ടോയെന്ന് അന്വേഷിച്ച് കത്തയച്ചെങ്കിലും, ഒരിടത്ത് നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കാണാതായവരുടെ കുടുംബങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് സംയുക്ത പ്രസ്താവന അയച്ചിരുന്നുവെന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി 12 നാണ് 243 പേരുമായി ദേവ മാതാ 2 എന്ന ബോട്ട് മുനമ്പത്ത് നിന്നും യാത്ര തിരിച്ചത്. ബോട്ടിലുണ്ടായിരുന്നവരില്‍ 80 ഓളം പേര്‍ കുട്ടികളാണെന്നാണ് വിവരം. മുനമ്പത്ത് നിന്ന് പോയ ബോട്ട് പസഫിക് സമുദ്രത്തിലൂടെ കടന്നുപോകുന്നതായി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് മാസത്തിലേറെയായി ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് ഈ ബോട്ടിനെ സംബന്ധിച്ചുള്ള യാതൊരു വിവരങ്ങളും കണ്ടെത്താന്‍ സാധിച്ചില്ല.