ബിനോയ് കോടിയേരിക്കെതിരേ യുവതി നൽകിയ പീഡനക്കേസുമായി ബന്ധപ്പെട്ടു ലഭിച്ച തെളിവുകളുടെ ആധികാരികത മുംബൈ പോലീസ് പരിശോധിച്ചുതുടങ്ങി. യുവതി നൽകിയ ഫോട്ടോ, വീഡിയോ, വാട്സ്ആപ് സന്ദേശങ്ങൾ, മറ്റു തെളിവുകൾ എന്നിവയാണു പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. മുംബൈ അന്ധേരിയിലെ ഹോട്ടലിൽ ഇരുവരും ഒന്നിച്ചു താമസിച്ചുവെന്നു തെളിയിക്കുന്ന രേഖകളും പോലീസിനു ലഭിച്ചതായാണു സൂചന. ഇതേത്തുടർന്ന് ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണു മുംബൈ പോലീസ്. ഇതിനായി കണ്ണൂർ പോലീസിന്റെ സഹായം തേടിയതായും അറിയുന്നു.
മുംബൈയിൽനിന്നെത്തിയ പോലീസ് സംഘം കണ്ണൂർ പോലീസിന്റെ സഹായത്തോടെ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി നോട്ടീസ് നല്കി. തിരുവങ്ങാട്ടെ കോടിയേരി ഹൗസിൽ എത്തിയാണ് അന്വേഷണസംഘം എത്രയും പെട്ടെന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്നു കാണിച്ച് നോട്ടീസ് നൽകിയത്. പോലീസ് എത്തിയപ്പോൾ കോടിയേരി ബാലകൃഷ്ണനും കുടുംബവും വീട്ടിലില്ലായിരുന്നു. ഇതേത്തുടർന്ന് ഒരു ബന്ധുവിന്റെ കൈവശമാണു നോട്ടീസ് നല്കിയത്.
ഇതിനു ശേഷം മൂഴിക്കരയിലെ മൊട്ടമ്മൽ വീട്ടിലും പോലീസ് എത്തിയെങ്കിലും അവിടെയും ആരുമുണ്ടായിരുന്നില്ല. ന്യൂമാഹി പോലീസിന്റെ സഹായത്തോടെയാണ് മുംബൈ പോലീസ് കോടിയേരിയിലെ വീട്ടിലെത്തിയത്. മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിൽ ബിനോയ് കോടിയേരിയോട് ഹാജരാകാനാണു നോട്ടീസ് നല്കിയത്. മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിൽ യുവതി നല്കിയ പരാതിയിൽ കണ്ണൂർ ജില്ലയിലെ കോടിയേരി, തിരുവനന്തപുരം എന്നീ സ്ഥലങ്ങളായിരുന്നു പരാമർശിച്ചത്.
അതിനാൽ പരാതിയിൽ പറയുന്ന സ്ഥലങ്ങളെക്കുറിച്ച് അന്വേഷിച്ച് വിവരങ്ങൾ ശേഖരിക്കുന്നതിനും നോട്ടീസ് നല്കാനുമാണ് മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിലെ എസ്ഐ വിനായക് യാദവ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ദയാനന്ദ് പവാർ എന്നിവർ ചൊവ്വാഴ്ച രാത്രിയോടെ കണ്ണൂരിൽ എത്തിയത്. ബിനോയ് കോടിയേരി താമസിക്കുന്ന സ്റ്റേഷൻപരിധിയായ ന്യൂമാഹി പോലീസ് സ്റ്റേഷനിലെത്തി മുംബൈ പോലീസ് തെളിവുകൾ ശേഖരിച്ചു. എസ്ഐ വിനായക് യാദവിന്റെ നേതൃത്വത്തിലുള്ള മുംബൈ പോലീസ് കണ്ണൂരിൽ തുടരുകയാണ്.
ബിനോയിയുടെ ഫോൺ സ്വിച്ച് ഓഫായതു മൂലം ഇതുവരെ കണ്ടെത്താൻ പോലീസിനു കഴിഞ്ഞിട്ടില്ല. ഇതിനിടെ ബിനോയ് കോടിയേരി മുൻകൂർ ജാമ്യത്തിനുവേണ്ടി ശ്രമിക്കുന്നതായും സൂചനയുണ്ട്. പരാതി നൽകിയ യുവതി ഇന്നലെ മുംബൈ ഒഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരായി കൂടുതൽ തെളിവുകൾ നൽകി.