കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരായിരിക്കണമെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും അത് താനല്ല തീരുമാനിക്കേണ്ട്‌തെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

തന്റെ പിന്‍ഗാമിയെ തീരുമാനിക്കേണ്ടത് രാഹുല്‍ ഗാന്ധി എന്ന വ്യക്തിയല്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് രാഹുല്‍ വീണ്ടും ആവര്‍ത്തിച്ചു. കരാറിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും രാഹുല്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി രാജിവെക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ എതിര്‍ക്കുകയും പാര്‍ട്ടിയില്‍ എല്ലാ തലത്തിലും മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

നേരത്തെ എ.ഐ.സി.സിയുടെ ചുമതലയുള്ളവരും സംസ്ഥാന നേതൃത്വവും പാര്‍ട്ടിയെ മോശം സ്ഥിതിയിലെത്തിച്ചെന്നും രാഹുലിന് ഒറ്റക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊയിലി പറഞ്ഞിരുന്നു.

രാഹുല്‍ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

‘എല്ലാ തലത്തിലുമുള്ള തെരഞ്ഞെടുപ്പുകള്‍ നടത്തണം. അതുവഴി നമുക്ക് പുതിയ രക്തമുണ്ടെന്ന് ലോകത്തിനും രാജ്യത്തിനും കാട്ടികൊടുക്കാന്‍ കഴിയും. പുതിയ രക്തം ,അത് പ്രധാനമാണ്. ഇതാണ് രാഹുല്‍ ഗാന്ധി ചെയ്യേണ്ടത്. അദ്ദേഹത്തിന് ഒറ്റക്ക് അത് ചെയ്യാന്‍ കഴിയും.’വീരപ്പ മൊയിലി പറഞ്ഞിരുന്നു