തീരദേശത്തോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരേ ആലപ്പുഴ രൂപത സോഷ്യൽ ആക്ഷൻ, കെസിവൈഎം തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ കടലിൽ നിൽപ്പുസമരം. മത്സ്യത്തൊഴിലാളികളുടെ വീടുകൾ കടൽഭിത്തി നിർമിച്ചു സംരക്ഷിക്കുമെന്നുള്ള അധികൃതരുടെ വാക്ക് പാലിക്കാത്തതിനെതിരേ ഒറ്റമശേരി കടപ്പുറത്തുനടന്ന പ്രതിഷേധ പരിപാടിയിൽ വൈദികരും സന്യസ്തരും മത്സ്യത്തൊഴിലാളികളും സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ പങ്കെടുത്തു. കടലാക്രമണം രൂക്ഷമായ ഒറ്റമശേരി, ചെല്ലാനം, മറുവാക്കാട് തുടങ്ങിയ മേഖലകളിൽ നിരവധി വീടുകൾ അപകട ഭീഷണിയിലാണ്. ഒറ്റമശേരിയിൽ മാത്രം 13 വീടുകൾ തകർച്ചയുടെ വക്കിലാണ്.
ചെല്ലാനത്തു കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിനു തുടർച്ചയായാണ് ഒറ്റമശേരിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. കടൽഭിത്തി നിർമിക്കുക, പുലിമുട്ട് നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. തീരപ്രദേശത്തു ജനജീവിതം ദുഃസഹമായിട്ടും ഒരു മന്ത്രിപോലും തിരിഞ്ഞുനോക്കുന്നില്ലെന്നു സമരക്കാർ കുറ്റപ്പെടുത്തി.
പ്രദേശത്ത് കടൽഭിത്തിയില്ലാത്ത 550 മീറ്ററോളം സ്ഥലത്തെ വീടുകളാണ് അപകടത്തിലുള്ളത്. ഇവ ഏതു നിമിഷവും വീഴാം. മതിലുകളും വൃക്ഷങ്ങളുമെല്ലാം വീണുകഴിഞ്ഞു. ജില്ലാഭരണകൂടം നൽകിയ മണൽചാക്കുകളുടെ സംരക്ഷണം മാത്രമാണ് ആകെയുള്ളത്. ഇതും ശാശ്വതവുമല്ല. കരിങ്കല്ലിൽ കടൽഭിത്തി വേണമെന്നാണ് ആവശ്യം. പുലിമുട്ടാണ് ശാശ്വത പരിഹാരം.
കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രിതന്നെ വിശേഷിപ്പിച്ച തീരവാസികൾ ഇപ്പോൾ ജീവൻ പണയംവച്ചാണു കഴിയുന്നത്. ഓരോ വർഷവും കടലാക്രമണങ്ങൾ ഉണ്ടാകുന്പോൾ വാഗ്ദാനങ്ങളല്ലാതെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
രണ്ടു ദിവസത്തിനുള്ളിൽ നടപടിയൊന്നും ഉണ്ടായില്ലെങ്കിൽ കളക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടി നടത്താനും യോഗം തീരുമാനിച്ചു. ഒറ്റമശേരി പള്ളിയിൽനിന്നു പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിഷേധ റാലിയോടെയാണു സമരം തുടങ്ങിയത്. കടൽതീരത്തെത്തി സമ്മേളനത്തിനു ശേഷം സമരക്കാർ കടലിൽ ഇറങ്ങി കൈകോർത്തുനിന്നു പ്രതീകാത്മകമായി കടൽഭിത്തി നിർമിച്ചു സമരം ചെയ്തു. പ്രതിഷേധപരിപാടി ചേന്നവേലിപള്ളി വികാരി ഫാ. തോബിയാസ് തെക്കേപാലയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഫാ. സേവ്യർ കുടിയാംശേരി, ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ, ഫാ. ജോണ്സണ് പുത്തൻപുരയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ പുന്നയ്ക്കൽ, ജോണ് ബ്രിട്ടോ, ജെയിംസ് ചിങ്കുതറ, രാജു ഈരശേരിൽ, എം.ജെ. ഇമ്മാനുവേൽ തുടങ്ങിയവർ നേതൃത്വം നൽകി.