എറണാകുളം ജില്ലാ കളക്ടറായി എസ്. സുഹാസ് ചുമതലയേറ്റു. എറണാകുളം ജില്ലയുടെ ഭരണസാരഥ്യം ഏറ്റെടുക്കുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് എസ.് സുഹാസ് പറഞ്ഞു.

എറണാകുളം കളക്ടറായിരുന്ന മുഹമ്മദ് വൈ സഫീറുള്ള സ്ഥലംമാറി പോയതിന് പിന്നാലെയാണ് എസ് സുഹാസിനെ എറണാകുളം ജില്ലാ കളക്ടറായി നിയമിച്ചത്. ജിഎസ്ടി അഡീഷണല്‍ കമ്മീഷണറായിട്ടാണ് മുഹമ്മദ് സഫിറുള്ളയെ നിയമിച്ചത്.

കടലാക്രമണം, റോഡുകളുടെ അറ്റകുറ്റപ്പണി, മാലിന്യപ്രശ്‌നം എന്നിവ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. മുന്‍ കളക്ടര്‍ ആവിഷ്‌കരിച്ച ജനോപകാരപ്രദമായ എല്ലാ പദ്ധതികളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചുമതലയേറ്റതിന് പിന്നാലെ ഫോര്‍ട്ടുകൊച്ചി ബീച്ചിലും പരിസരത്തും പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് സാമഗ്രികളുടെ വിതരണവും വിപണനവും ഉപയോഗവും നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ജില്ലാ പോലീസ് മേധാവി, സബ് കളക്ടര്‍, നഗരസഭ സെക്രട്ടറി എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കുന്നതിന്റെ ചുമതല നല്‍കിയിരിക്കുന്നത്.