ബിനോയ് കോടിയേരിക്കെതിരെ രേഖകളും ഫോട്ടോകളും തെളിവുകളായി ഉണ്ടെന്ന് പരാതിക്കാരി. ഇവയില്‍ ചിലത് കേസ് അന്വേഷിക്കുന്ന ഓഷിവാര പോലീസിന് കൈമാറിയതായും അവര്‍ പറഞ്ഞു. എന്നാല്‍, ഇതുസംബന്ധിച്ച് പോലീസ് പ്രതികരിച്ചില്ല.

കുഞ്ഞിന്റെ പിതാവ് ബിനോയ് ആണെന്ന് അവകാശപ്പെട്ട പരാതിക്കാരി തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധനക്ക് തയാറാണെന്ന് വ്യക്തമാക്കി. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലും പിതാവിന്റൈ പേര് ബിനോയിയുടേതാണെന്നും പരാതിക്കാരിയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.

2015 വരെ ബിനോയ് പ്രതിമാസം ചെലവിന് തുക അയച്ചതിന് തെളിവായി ബാങ്ക് സ്‌റ്റേറ്റ്മന്റെും ഹാജരാക്കിയതായാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍, 72 മണിക്കൂറിനകം ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഓഷിവാര പോലീസ് ബിനോയിയോട് ആവശ്യപ്പെട്ടതായ റിപ്പോര്‍ട്ടുകള്‍ പോലീസ് നിഷേധിച്ചു.

പ്രാഥമിക തെളിവുകള്‍ ശേഖരിച്ചുവരുകയാണെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ ഭാഗമായാണ് പോലീസ് സംഘം കേരളത്തിലെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിഹാര്‍ സ്വദേശിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയത്.

തുടര്‍ന്ന്, വെള്ളിയാഴ്ച പ്രഥമാന്വേഷണ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.അഞ്ചു കോടി ആവശ്യപ്പെട്ട് ബിനോയിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചശേഷമാണ് യുവതി പരാതി നല്‍കിയത്.