അശ്ലീല ചുവയോടെ ഫോണില്‍ സംസാരിച്ചുവെന്ന ദലിത് ആക്ടിവിസ്റ്റ് മൃദുലയുടെ പരാതി നിഷേധിച്ച്‌ നടന്‍ വിനായകന്‍. മൃദുലയുടെ ആരോപണം തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചാല്‍ തന്നെ ശിക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തില്‍ തന്റെ നിലപാട് അറിയിച്ചത്.

‘എനിക്ക് ഒന്നും പറയാനില്ല. അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ. അവരുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെ,’ വിനായകന്‍ പറഞ്ഞു.

സംഭവത്തില്‍ കല്‍പ്പറ്റ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. കോള്‍ റെക്കോര്‍ഡിംഗ് മൃദുല പൊലീസിന് കൈമാറിയിരുന്നു.