വള്ളിക്കുന്നത്ത് പോലീസുകാരന്‍ തീകൊളുത്തി കൊലപ്പെടുത്തി പോലീസുകാരി സൗമ്യ പുഷ്പാകരന്റെ ശവസംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിയോടെ വീട്ടുവളപ്പില്‍ നടക്കും. ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെത്തിച്ച്‌ പൊതുദര്‍ശനത്തിനുവെക്കും. ശേഷം വീട്ടിലെത്തിച്ച്‌ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം.

ലിബിയയിലായിരുന്ന സൗമ്യയുടെ ഭര്‍ത്താവ് സജീവന്‍ നാട്ടിലെത്താന്‍ കാത്തിരുന്നതിനാലാണ് സംസ്‌കാരചടങ്ങുകള്‍ വ്യാഴാഴ്ചയിലേക്ക് നീട്ടിയത്. ലിബിയയില്‍നിന്ന് സജീവന്‍ കഴിഞ്ഞദിവസം രാത്രി നാട്ടിലെത്തി.

ജൂണ്‍ 15 ശനിയാഴ്ചയാണ് വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന സൗമ്യ പുഷ്പാകരന്‍ കൊല്ലപ്പെട്ടത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അജാസാണ് സൗമ്യയെ വെട്ടിവീഴ്ത്തിയശേഷം തീകൊളുത്തി കൊന്നത്. സംഭവത്തില്‍ മാരകമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അജാസും കഴിഞ്ഞദിവസം മരിച്ചിരുന്നു.

പ്രതി മരിച്ചെങ്കിലും സൗമ്യവധക്കേസിലെ അന്വേഷണം തുടരും. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന അജാസ് മാത്രമാണ് നിലവില്‍ കേസിലെ പ്രതി. ക്രിമിനല്‍ കേസുകളിലെ പ്രതി മരിച്ചാല്‍ കോടതിയില്‍ വിശദമായ കുറ്റംപത്രം നല്‍കുന്ന പതിവില്ല. പകരം കേസിന്റെ സാഹചര്യവും പ്രതിയുടെ മരണവും വ്യക്തമാക്കി കോടതിയില്‍ മരിച്ചയാളിന്റെ പേരില്‍ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കൊലപാതകത്തിന്റെ കാരണം, അതിലേക്ക് നയിച്ച സാഹചര്യം എന്നിവയെല്ലാം അന്വേഷണത്തിലൂടെ തെളിയിക്കണം. കൂട്ടുപ്രതിയുണ്ടെങ്കില്‍ കേസിന്റെ സ്വഭാവം മാറും. കൂട്ടുപ്രതികളെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തിയാണ് അന്വേഷണം പൂര്‍ത്തിയാക്കേണ്ടത്.

സൗമ്യയെ കൊലപ്പെടുത്താന്‍ പ്രതി അജാസിനെ ഒരാള്‍ സഹായിച്ചെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം കേസില്‍ നിര്‍ണായകമാണ്. ഒപ്പമുണ്ടായിരുന്ന ആളാണ് അജാസ് വന്ന കാര്‍ ഓടിച്ചിരുന്നതെന്നും ഇയാള്‍

സംഭവത്തിനുശേഷം രക്ഷപ്പെട്ടെന്നുമാണ് ബന്ധുക്കളുടെ പരാതി ഒന്നിച്ചുള്ള ജീവിതം സാധ്യമാകില്ലെന്ന് മനസിലായപ്പോള്‍ ഒന്നിച്ചുമരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അജാസ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയിലുണ്ടായിരുന്നു.

മരിക്കാനാണ് ആഗ്രഹമെന്ന് വണ്ടാനം മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലിരിക്കെ പ്രതി സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അജാസിന്റെ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹപരിശോധനയും പോസ്റ്റ്മോര്‍ട്ടവും വ്യാഴാഴ്ച നടക്കും. വൈകുന്നേരത്തോടെ എറണാകുളം കാക്കനാട്ട് ശവസംസ്‌കാരം നടക്കുമെന്നാണ് അറിയുന്നത്.