ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷം 2017 ഒക്ടോബറിലാണ് സാമന്ത – നാഗ ചൈതന്യ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് സാമന്തയും നാഗചൈതന്യയും സിനിമകളിലും പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. എന്നാല്‍ സിനിമയിലേക്ക് തിരിച്ചെത്തിയെങ്കിലും വിവാഹ ശേഷം തനിക്ക് അവസരങ്ങള്‍ ഏറെ കുറഞ്ഞെന്ന് പറയുകയാണ് സാമന്ത. ഒരു അഭിമുഖത്തിലാണ് താരം തനിക്ക് വിവാഹത്തിന് മുന്‍പ് ലഭിച്ചിരുന്ന ഓഫറുകളേക്കാള്‍ വളരെ കുറവാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് വെളിപ്പെടുത്തിയത്.

വിവാഹിതയായ നായിക എന്നൊരു പേരാണ് ഞാനിപ്പോള്‍ കൈകാര്യം ചെയ്യുന്നത്. രംഗസ്ഥലം, മഹാനടി തുടങ്ങിയ സിനിമകളുടെയൊന്നും ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കുമോ എന്നറിയില്ല. കാരണം ഈ സിനിമകള്‍ ഞാന്‍ വിവാഹത്തിന് മുമ്ബ് ചെയ്തതാണ്. അത് റിലീസ് ചെയ്തത് എന്റെ വിവാഹ ശേഷവും. അവ ഹിറ്റാകുകയും ചെയ്തു. അതുകൊണ്ട് തന്നെ ആ വിജയങ്ങള്‍ വിവാഹത്തിന് ശേഷമാണ് എന്ന ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കില്ല. സാമന്ത പറയുന്നു.

എന്തുകൊണ്ടാണ് തന്നെ നേരത്തെ സമീപിച്ചിരുന്ന സംവിധായകരൊന്നും ഇപ്പോള്‍ സമീപിക്കാത്തത് എന്നതിനും താരം രസകരമായ മറുപടിയാണ് നല്‍കുന്നത്.

വിവാഹത്തിന് മുമ്ബ് ഞാന്‍ ചെയ്തത്ര സിനിമകള്‍ ഇപ്പോള്‍ എനിക്ക് ലഭിക്കുന്നില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷേ സിനിമയില്‍ എന്നെ വച്ച്‌ ഇനി എന്തുചെയ്യണമെന്ന് അവര്‍ക്ക് ശരിക്കും അറിയാത്തതിനാലാണ് ഇത് എന്നാണ് ഞാന്‍ കരുതുന്നത് ഓ ബേബി, ആണ് താരം നായികയായെത്തുന്ന പുതിയ ചിത്രം. ഇത് കൂടാതെ മന്മധുഡു 2 എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷവും 96ന്റെ തെലുഗ് റീമേക്കില്‍ തൃഷ അവതരിപ്പിച്ച കഥാപാത്രവും സാമന്ത ചെയ്യുന്നുണ്ട്.