സമീപവാസിയായ യുവാവ് വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി വീട്ടമ്മയുടെ ആറ് പവന്റെ മാല കവര്‍ന്നു. യുവാവിനെ മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. വിളവൂര്‍ക്കല്‍ മലയം കാവടി വിള വീട്ടില്‍ ജയശങ്കറി(28)നെയാണ് സംഭവം നടന്ന് രണ്ടാം നാള്‍ മലയിന്‍കീഴ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ പ്രതി വിളവൂര്‍ക്കല്‍ മലയം ഇന്ദ്രനീലത്തില്‍ റയില്‍വേ ഉദ്യോഗസ്ഥനായ വേലായുധന്‍ നായരുടെ ഭാര്യ ശ്രീകല(50)യുടെ മാലയുമായി കടന്നത്. ഈ സമയം ശ്രീകല വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.

മുന്‍വാതില്‍ തുറന്നു കിടക്കുകയായിരുന്നു. അതു വഴി അകത്തു കയറിയ പ്രതി ഹാളില്‍ കിടക്കുകയായിരുന്ന ശ്രീകലയുടെ മാല ആദ്യം പിടിച്ചു വലിക്കാന്‍ ശ്രമിച്ചു. പേടിച്ചു നില വിളിച്ച ശ്രീകലയെ ക്ലോറോഫോം നനച്ച പഞ്ഞി കൊണ്ടു ബോധംകെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. നിലത്തു വീണ ശ്രീകലയുടെ കഴുത്തില്‍ നിന്നും ബലമായി താലി മാല ഊരി എടുത്തു. മുന്‍വശത്തെ വാതില്‍ പൂട്ടി പുറത്തിറങ്ങി ജയശങ്കര്‍ സ്കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. വീടുമായി അടുപ്പം ഉള്ള വ്യക്തിയാണ് പിന്നിലെന്ന് സംഭവ ദിവസം തന്നെ പൊലീസിന് സംശയം ഉണ്ടായിരുന്നു.

സംഭവം നടന്ന വീട്ടില്‍ നിന്നും കണ്ടെടുത്ത ക്ലോറോഫോം മുക്കിയ പഞ്ഞി നിര്‍ണായകമായി. ശ്രീകലയുടെ വീടുമായി നല്ല അടുപ്പം ഉണ്ടായിരുന്ന ജയശങ്കര്‍ മാല കവര്‍ന്ന ശേഷം അവിടെ പോയിരുന്നില്ല. സംശയം തോന്നിയ പൊലീസ് ജയശങ്കറിനെ ഇന്നലെ രാവിലെ തന്ത്രപരമായി സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. വിരലടയാള വിദഗ്ധര്‍ നടത്തിയ പരിശോധനയിലും ചില സൂചനകള്‍ ലഭിച്ചു. തുടര്‍ന്ന് സമീപവാസികളെയും, ബന്ധുക്കളെയും പൊലീസ് രഹസ്യമായി നിരീക്ഷിച്ചു.

വീട്ടിലെ വാതിലിലെയും പഞ്ഞിയിലെയും വിരലടയാളം പ്രതിയുടേതാണെന്ന് പൊലീസിന് വ്യക്തമായി. വിളവൂര്‍ക്കല്‍ പൊറ്റയില്‍ ഉള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് മാല പണയം വച്ചത്. ഇവിടെ നിന്നു പ്രതിയുമായി എത്തി പൊലീസ് മാല കണ്ടെടുത്തു. സംഭവം നടന്ന വീട്ടിലും തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മലയിന്‍കീഴ് സിഐ അനില്‍കുമാര്‍, എസ്‌ഐ സൈജു എന്നിവരുടെ നേതൃത്വത്തില്‍ റൂറല്‍ ഷാഡോ പൊലീസ് ഉള്‍പ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.