യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദ്ദിച്ച കേസില്‍ വിവാദത്തിലായ കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമവും. പ്രതിയായ രണ്ടാം ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്‌യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യാത്രക്കാരുടെ ഇടപെടലിനെ തുടര്‍ന്ന് മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ച്‌ പോലീസ് ബസ് പിടിച്ചെടുത്തു.

രണ്ടാം ഡ്രൈവര്‍ കോട്ടയം സ്വദേശി ജോണ്‍സണ്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തു. മണിപ്പാലില്‍ നിന്നും കൊല്ലത്തേയ്ക്കുള്ള യാത്രയ്ക്കിടയില്‍ രാത്രി ഒരു മണി​യോടെ ഇയാള്‍ യുവതിയോട് മോശമായി പെരുമാറിയെന്നാണ് ആ​രോപണം. തമിഴ്‌നാട് യുവതിയാണ് പരാതി നല്‍കിയതും. രാമനാട്ടുകര എത്തിയപ്പോള്‍ യാത്രയ്ക്കിടയില്‍ ഉപദ്രവം ഉണ്ടായതായി യുവതി പരാതിപ്പെട്ടതോടെ യാത്രക്കാര്‍ ഈ രീതിയില്‍ യാത്ര നടത്തേണ്ടതില്ലെന്നും തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ബസ് തൊട്ടടുത്തുള്ള തേഞ്ഞിപ്പലം സ്‌റ്റേഷനിലേക്ക് വിട്ടത്.

നേരത്തേ യാത്രക്കാര്‍ക്ക് നേരെ ഗുണ്ടായിസം കാട്ടിയതിന് വലിയ വിവാദം ഉയര്‍ത്തിയ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസ് തന്നെയാണ് ഇതും. നേരത്തേ തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരൂവിലേക്ക് പുറപ്പെട്ട ബസില്‍ യാത്രക്കാരനോട് ബസ് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുകയും ഗുണ്ടായിസം കാട്ടുകയും ചെയ്തതിന് ബസ് ജീവനക്കാര്‍ അറസ്റ്റിലായിരുന്നു. ഒരു യാത്രക്കാരന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അതിക്രമം പുറത്തായത്. പിന്നീട് ബസിന്റെ യാത്രക്കാരോടുള്ള സമീപനത്തിന്റെ പേരില്‍ അനേകം പേര്‍ പരാതിയുമായി എത്തുകയായിരുന്നു.