കാര്‍ട്ടൂണ്‍ വിവാദവുമായി ബന്ധപ്പെട്ട് ലളിതകലാ അക്കാദമി ഭരണസമിതിയും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലളിതകലാ അക്കാദമി സ്വതന്ത്രമല്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി എ.കെ ബാലന്‍ അക്കാദമിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ പരോക്ഷമായി വിമര്‍ശിച്ച്‌ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. എ. ജയശങ്കര്‍

‘നേമം പുഷ്പരാജിനെ ചെയര്‍മാനായി നിയമിച്ചത്, ടിയാന്‍ മൈക്കലാഞ്ജലോ ആയതുകൊണ്ടല്ല പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചതു കൊണ്ടാണ്. കത്തോലിക്കാ സഭയെ വെറുപ്പിക്കാനോ പരിശുദ്ധ ഫ്രാങ്കോ പിതാവിന്റെ മനസു വേദനിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. നമുക്ക് വോട്ടാണ് മുഖ്യം.’ ജയശങ്കര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ലളിതകലാ അക്കാദമി പരമാധികാര റിപ്പബ്ലിക്കല്ല. കേരള സര്‍ക്കാരിനും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്കും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഊച്ചാളി സ്ഥാപനം മാത്രമാണ്.

നേമം പുഷ്പരാജിനെ ചെയര്‍മാനായി നിയമിച്ചത്, ടിയാന്‍ മൈക്കലാഞ്ജലോ ആയതുകൊണ്ടല്ല; പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചതു കൊണ്ടാണ്. അക്കാദമിയിലെ ബാക്കി പുങ്കന്മാരും പാര്‍ട്ടിയുടെ കാരുണ്യത്താല്‍ വന്നവരാണ്. അതുകൊണ്ട് മന്ത്രിയുടെ കല്പന അനുസരിക്കണം. അവാര്‍ഡ് കൊടുക്കാന്‍ പറഞ്ഞാല്‍ കൊടുക്കണം, പിന്‍വലിക്കാന്‍ പറഞ്ഞാല്‍ പിന്‍വലിച്ച്‌ മാപ്പു പറയണം.

കത്തോലിക്കാ സഭയെ വെറുപ്പിക്കാനോ പരിശുദ്ധ ഫ്രാങ്കോ പിതാവിന്റെ മനസു വേദനിപ്പിക്കാനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. നമുക്ക് വോട്ടാണ് മുഖ്യം. നേമം പുഷ്പരാജിന്‍്റെ സ്ഥാനത്ത് പുത്തന്‍ പാലം രാജേഷ് ആണെങ്കിലും ലളിതകലാ അക്കാദമി ഭംഗിയായി മുന്നോട്ടു പോകും. അത് മറക്കരുത്.