ഭീകര സംഘടനയായ ഐഎസ് കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ലക്ഷ്യംവെച്ചേക്കാമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ആക്രമണങ്ങള്‍ക്കായി കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍, പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവ ഐഎസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്റലിജന്‍സ് കൈമാറി.

ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളിള്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ ഐഎസ് ഇന്ത്യന്‍ മഹാസമുദ്രമേഖല ലക്ഷ്യം വെച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസില്‍ ചേര്‍ന്നവരെ തങ്ങളുടെ രാജ്യങ്ങളില്‍ തിരികെയെത്തിച്ച്‌ ആക്രമണം നടത്തുകയെന്നതാണ് പുതിയ തന്ത്രമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് പോലീസിന് സമര്‍പ്പിച്ച മൂന്ന് കത്തുകളിലൊന്നിലാണ് കൊച്ചിയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഐഎസുമായി ബന്ധപ്പെട്ട സൈബര്‍ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഇപ്പോള്‍ സജീവമാണ്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണമുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

ഐഎസ് സാന്നിധ്യം ഏറ്റവും ശക്തമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജമ്മു കശ്മീര്‍, തെലങ്കാന, ആന്ധ്ര എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. ടെലഗ്രാം മെസഞ്ചര്‍ ആണ് ആശയവിനിമയത്തിനായി ഇവര്‍ കൂടുതലും ഉപയോഗിക്കുന്നത്. എന്നാല്‍, വിവരങ്ങള്‍ ചോരുന്നുവെന്ന ഭയത്താല്‍ ചില ആപ്പുകളും ഭീകരര്‍ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുവെന്നും ഇന്റലിജന്‍സ് കൈമാറിയ കത്തില്‍ സൂചിപ്പിക്കുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയും ശ്രീലങ്കയുമാണ് ഇപ്പോള്‍ ഭീകരരുടെ പുതിയ ആക്രമണ ലക്ഷ്യങ്ങള്‍. നൂറോളം പേരാണ് ഐഎസ് ആശയങ്ങളില്‍ ആകൃഷ്ടരായി കേരളത്തില്‍ നിന്ന് രാജ്യം വിട്ടത്. 21 കൗണ്‍സിലിങ് സെന്ററുകളിലായി നടത്തിയ നിരന്തരമായ കൗണ്‍സിലിങ്ങുകളിലൂടെ 3000 പേരെ ഭീകരവാദ ആശയങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനായെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.

250 പേര്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് പിന്നാലെ കേരളത്തിലെ 30 പേര്‍ നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ശ്രീലങ്കയിലെ ഭീകരാക്രമണത്തിന് പിന്നാലെ കേരളാ തീരത്ത് ജാഗ്രത വേണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.