അമൃത്സര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അധികമായി പണം ചിലവഴിച്ചതിന്റെ പേരില്‍ ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ അയോഗ്യനായേക്കുമെന്ന് സൂചന. ബി ജെപി ടിക്കറ്റില്‍ ലോക്സഭയിലേക്ക് വിജയിച്ച താരത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു.

70 ലക്ഷമാണ് പ്രചാരണത്തിനായി ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി ചിലവഴിക്കാന്‍ അനുവാദിച്ചിരിക്കുന്ന തുക. എന്നാല്‍ സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ പ്രചാരണത്തിനായി ചിലവഴിച്ചുവെന്നാണ് കമ്മീഷന് പരാതി ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെടുന്നത്.

അനിശ്ചിതത്വത്തിനൊടുവില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്ബാണ് സണ്ണി ഡിയോളിനെ ഗുരുദാസ്പുര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കി ബിജെപി രംഗത്തിറക്കിയത്.പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖറിനെ 80,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് നടന്‍ ലോക്സഭയിലേക്ക് വിജയിച്ചത്.