എടരിക്കോട് ക്ലാരി മൂച്ചിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ഒരാള്‍ മരിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരനും കുഴഞ്ഞു വീണ് മരിച്ചു. പരുത്തിക്കുന്നില്‍ മജീദ്, സഹോ​ദ​രന്‍ മുസ്തഫ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിലാണ് 45കാരനായ മജീദിനെ കരിങ്കല്‍ കയറ്റി വന്ന ടിപ്പര്‍ ലോറി ഇടിച്ചത്. ടിപ്പറിനടിയില്‍ മജീദ് കുടുങ്ങിപ്പോയി. തുടര്‍ന്ന്, സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് ടിപ്പര്‍ നിന്നത്.

സമീപത്ത് കട നടത്തുന്ന സഹോദരന്‍ മുസ്തഫ, വിവരമറിഞ്ഞ് സ്ഥലത്തെത്തി. അപകടം കണ്ടതോടെ 48കാരനായ മുസ്തഫ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

വളരെ വീതി കുറഞ്ഞ ഈ റോഡിലൂടെ കാല്‍നട യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകാറുണ്ടെന്നും ഈ സ്ഥലത്ത് നേരത്തെയും പല അപകടങ്ങളും നടന്നിട്ടുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കി.