സി.പി.എമ്മിന് ഇപ്പോള്‍ കഷ്ടകാലമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി സി.പി.എമ്മിനെയും നേതാക്കളെയും പ്രതിരോധത്തിലാക്കുന്ന വാര്‍ത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്.
മകനെതിരെ ഒരു യുവതി നല്‍കിയ പരാതിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പ്രതിരോധത്തിലാക്കിയതെങ്കില്‍ ഭാര്യയുടെ ഇടപെടലാണ് സി.പി.എം കേന്ദ്ര കമ്മറ്റി അംഗമായ എം.വി ഗോവിന്ദന് തിരിച്ചടിയായിരിക്കുന്നത്. രണ്ട് സംഭവത്തിലും ഇവിടെ നാണം കെട്ടിരിക്കുന്നതാകട്ടെ സി.പി.എം പ്രവര്‍ത്തകരാണ്.
കോടിയേരിയുടെ മകനെതിരായ പരാതി ചൂണ്ടിക്കാട്ടി കോടിയേരിയെ കടന്നാക്രമിക്കാന്‍ നില്‍ക്കേണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയ നേതാവാണ് എം.വി ഗോവിന്ദന്‍. ബിനോയ് കോടിയേരിക്കെതിരായ സ്ത്രീ പീഡന കേസില്‍ കോടിയേരിക്കെതിരായ ആക്ഷേപം ധാര്‍മ്മികത മാത്രമാണ്. മക്കളെ ശരിയായ രൂപത്തില്‍ വളര്‍ത്താതിരുന്നതില്‍ കമ്യൂണിസ്റ്റ് നേതാവെന്ന നിലയില്‍ കോടിയേരി ശക്തമായ വിമര്‍ശനം നേരിടുന്നുണ്ട്.
ഒരു സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ കുടുംബം മറ്റു കമ്യൂണിസ്റ്റുകള്‍ക്ക് മാത്രമല്ല, നാടിന് തന്നെ മാതൃകയാകേണ്ടതാണ്. അതു കൊണ്ട് തന്നെയാണ് വിമര്‍ശനം സി.പി.എമ്മിനെതിരെയും തിരിഞ്ഞത്. ഈ വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്നും വ്യക്തി എന്ന രൂപത്തില്‍ ബിനോയ് ആണ് പ്രശ്‌നം തീര്‍ക്കേണ്ടതെന്നുമുള്ള നിലപാടിലാണ് സി.പി.എം കേന്ദ്ര നേതൃത്വം. കുറ്റക്കാര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന നിലപാടാണ് പി.ബി അംഗം വൃന്ദ കാരാട്ടും സ്വീകരിച്ചത്.