ഇടുക്കി ജില്ലയിലെ പെരുവന്താനത്തിനടുത്തുള്ള പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തില്‍ പ്രതിഷേധവുമായി എത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ പോലീസ് തടഞ്ഞു. ഇവരുടെ നേതൃത്വത്തില്‍ എത്തിയ ഹൈന്ദവസംഘടനകളെ പാഞ്ചാലിമേട്ടിലേക്ക് കടത്തി വിടാത്തത്തില്‍ എതിര്‍പ്പുമായി നാമജപ പ്രതിഷേധം നടത്തി. രാവിലെ പതിന്നൊന്ന് മണിയോടെയാണ് സംഘം പാഞ്ചാലിമേട്ടിലെത്തിയത്. എന്നാല്‍ പൊലീസ് തടയുകയായിരുന്നു. ഇതിനു പിന്നാലെയാണ് സംഘം നാമജപ പ്രതിഷേധം തുടങ്ങിയത്. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഹൈന്ദവസംഘടനകളുടെ ആരോപണം.

അതേസമയം, അമ്പലത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കുരിശു സ്ഥാപിച്ച കണയങ്കവയല്‍ പള്ളി അധികൃതര്‍ പറയുന്നത്. കുരിശുകളും അമ്പലവും റവന്യൂഭൂമിയിലാണെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാല്‍ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം. കളക്ടറുടെ സമവായനിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയല്‍ സെന്റ് മേരീസ് ചര്‍ച്ച് ഇക്കഴിഞ്ഞ ദുഃഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകള്‍ നീക്കം ചെയ്തത്. അതേസമയം ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകള്‍ അങ്ങനെ തുടരും. ഈ വിഷയത്തില്‍ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് കളക്ടര്‍ എച്ച് ദിനേശന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

വിശ്വാസികളുടെ കൂടെ വിഷയമായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുതന്നെ നടപടി വേണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടത്തിനുള്ളത്. ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ഡിറ്റിപിസി രംഗത്തെത്തി. കരുതികൂട്ടി ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് അമ്പലക്കമ്മറ്റിയും പള്ളിഭാരവാഹികളും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.