ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ ഇനി വിദ്യാഭ്യാസ യോഗ്യത വേണ്ട. ലൈസന്‍സ് എടുക്കാന്‍ എട്ടാം ക്ലാസ് പാസാകണം എന്ന നിബന്ധന ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 1989 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഉടന്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറക്കാനാണ് റോഡ് ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.
അതേസമയം വിദ്യാഭ്യാസ യോഗ്യത പിന്‍വലിക്കുമ്പോള്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കും. ഗതാഗത മന്ത്രാലയത്തിന്റെ സമ്മേളനത്തില്‍ ഹരിയാനയാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ലൈസന്‍സ് എടുക്കാന്‍ കഴിയാത്ത നിരവധി ചെറുപ്പക്കാര്‍ ഹരിയാനയിലെ മേവാട്ട് മേഖലയിലുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം വഴി രാജ്യത്തിന്റെ വിവിധ മേഖലയിലുള്ള വിദ്യാഭ്യാസം കുറവായ നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും.