കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നതായി കണക്കുകള്‍. ദേശീയ ശതമാനത്തേക്കാള്‍ നാലരശതമാനം വര്‍ധിച്ചതായാണ് തൊഴില്‍ വകുപ്പിന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഉയര്‍ന്ന ജനസാന്ദ്രതയും വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സ്ഥലപരിമിതിയുമാണ് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ നാലര ശതമാനം കൂടി 10.67 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. ത്രിപുര, സിക്കിം സംസ്ഥാനങ്ങളാണ് കേരളത്തേക്കാള്‍ മുന്നിലുള്ളത്. എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ തൊഴില്‍ രഹിതരായി രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക് അടിസ്ഥാനമാക്കിയാണ് തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 6.1 ശതമാനമാണ് ദേശീയ ശരാശരി. ഒടുവിലത്തെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് 3.34 കോടിയാണ് കേരളത്തിലെ ജനസംഖ്യ. ഇതില്‍ 35.63 ലക്ഷം പേരാണ് തൊഴില്‍ രഹിതരായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ കുറവും കൃഷിയിടങ്ങളുടെ കുറവുമൊക്കെ തൊഴിലില്ലായ്മയ്ക്ക് കാരണമായി സര്‍ക്കാര്‍ വാദങ്ങള്‍ നിരത്തുന്നുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് നല്‍കിയിട്ടുള്ള എല്ലാവരും തൊഴില്‍രഹിതരല്ല എന്ന വാദവും സര്‍ക്കാര്‍ ഉന്നയിക്കുന്നു. അതേസമയം സ്ത്രീ തൊഴിലാളികളുടെ എണ്ണത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയിലാണ് കേരളം.