വിദേശ സംഭാവന നിയന്ത്രണ നിയമം(ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) ലംഘിച്ചെന്നാരോപിച്ച് ലോയേഴ്‌സ് കളക്ടീവിനെതിരെ ലഭിച്ച പരാതിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. ലോയേഴ്‌സ് കളക്ടീവിനും പ്രസിഡന്റ് ആനന്ദ് ഗ്രോവറിനുമെതിരെ സിബിഐ കേസെടുത്തു. സംഘടനയുടെ മറ്റ് ഓഫീസ് ഭാരവാഹികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ആനന്ദ് ഗ്രോവറും ഇന്ദിര ജയ്‌സിംഗും ചേര്‍ന്ന് സ്ഥാപിച്ച സര്‍ക്കാര്‍ ഇതര സംഘടനയാണ് ലോയേഴ്‌സ് കളക്ടീവ്. വിദേശ സംഭാവനകള്‍ ഇതര വഴിക്കു ചെലവഴിച്ചെന്നാണ് ലോയേഴ്‌സ് കളക്ടീവിനെതിരെ ഉയര്‍ന്ന ആരോപണം. ധര്‍ണ്ണകള്‍ക്കും എംപിമാര്‍ക്ക് വക്കാലത്ത് നടത്താനും വിദേശ ഫണ്ടില്‍ നിന്നും പണം ചെലവഴിച്ചെന്നും ഇന്ദിര ജയ്‌സിംഗിന്റെയും ആനന്ദ് ഗ്രോവറിന്റേയും വിമാന യാത്രാക്കൂലിയും ലോയേഴ്‌സ് കളക്ടീവിനു ലഭിച്ച ഫണ്ടില്‍ നിന്ന് ചെലവഴിച്ചു എന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.

നേരത്തേ, ലോയേഴ്‌സ് കളക്ടീവ് ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ടിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2006 മുതല്‍ 2015 വരെയുള്ള കാലത്ത് 32 കോടി രൂപയാണ് സംഘടനയുടെ വരുമാനം. തുടര്‍ന്ന് 2016-ല്‍ ആഭ്യന്തര മന്ത്രാലയം ലോയേഴ്‌സ് കളക്ടീവിന്റെ ഓഫീസിലെത്തി പരിശോധന നടത്തുകയും സംഘടനയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു.