അഫ്ഗാനിസ്ഥാനെ അടിച്ചു
പഞ്ചറാക്കി ഇംഗ്ളണ്ട്
ഇംഗ്ളണ്ടിന് കൂറ്റന്‍ സ്കോര്‍, 397/6.
ഇയോന്‍ മോര്‍ഗന് സെഞ്ച്വറി (148)
ജോ റൂട്ടിനും (88), ബെയര്‍ സ്റ്റോയ്ക്കും (90) അര്‍ദ്ധ സെഞ്ച്വറികള്‍.
മാഞ്ചസ്റ്റര്‍ : ലോകകപ്പില്‍ ഇന്നലെ ആതിഥേയരായ ഇംഗ്ളണ്ടിനെതിരെ പന്തെറിഞ്ഞശേഷം അഫ്ഗാനിസ്ഥാന് കളിക്കാര്‍ക്ക് മാനത്തേക്ക് നോക്കി വായും പൊളിച്ച് നില്‍ക്കാനായിരുന്നു വിധി. ഇയോന്‍ മോര്‍ഗനും ജോ റൂട്ടും ബെയര്‍സ്റ്റോയും മൊയീന്‍ അലിയുമൊക്കെ ഒന്നിനു പിറകെ ഒന്നായി സിക്സുകള്‍ അടിച്ചു കൂട്ടിയപ്പോള്‍ നിശ്ചിത 50 ഓവറില്‍ അഫ്ഗാന്‍ വഴങ്ങിയത് 397 റണ്‍സ്. ആകാശത്തേക്ക് ഇരുകൈകളുമുയര്‍ത്തി അമ്ബയര്‍മാരും തളര്‍ന്നു കാണും. ഏകദിനത്തിലും ട്വന്റി-20യിലും ഐ.പി.എല്ലിലുമൊക്കെ അത്ഭുത ബൗളറായി വാഴ്ത്തപ്പെട്ട റാഷിദ്ഖാന്റെ മാനവും ഇന്നലെ മോര്‍ഗനും കൂട്ടരും കീറിപ്പറത്തി.
മറുപടിക്കിറങ്ങിയ അഫ്ഗാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 27 ഓവറില്‍ 108/3എന്ന നിലയിലാണ്. മന്‍സൂര്‍ അലി സദ്രാന് (0), ഗുലാബ്ദിന്‍ നെയ്ബ് (37), റഹ്മത്ത് ഷാ (46) എന്നിവരാണ് പുറത്തായത്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് ആറ് വിക്കറ്റ് നഷ്ടത്തിലാണ് 397 റണ്‍സടിച്ചത്. നായകന് ഇയോന്‍ മോര്‍ഗന്റെ സെഞ്ച്വറിയും (71 പന്തില്‍ 148 റണ്‍സ്), ഓപ്പണര്‍ ജോണി ബെയര്‍ സ്റ്റോയുടെയും (99 പന്തുകളില്‍ 90 റണ്‍സ്). ജോറൂട്ടിന്റെയും (82 പന്തുകളില്‍ 88 റണ്‍സ്). അര്‍ദ്ധ സെഞ്ച്വറികളുടെയും മികവിലാണ് ഇംഗ്ളണ്ട് ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയത്. 17 സിക്സുകളുമായി മോര്ഗന് ഏകദിന മത്സരത്തിലെ സിക്സുകളുടെ റെക്കാഡ് തിരുത്തിക്കുറിക്കുകയും ചെയ്തു.
ശ്രദ്ധയോടെ തുടങ്ങി അവസാനഘട്ടത്തില്‍ ആഞ്ഞടിക്കുന്ന രീതിയാണ് ഇംഗ്ളണ്ട് അനുവര്‍ത്തിച്ചത്. ജാസണ്റോയ് പരിക്കുമൂലം പുറത്തിരുന്നപ്പോള്‍ ബെയര്‍സ്റ്റോയ്ക്കൊപ്പം ഇന്നിംഗ്സ് ആരംഭിക്കാനെത്തിയത് ജെയിംസ് വിന്‍സാണ്. 31 പന്തുകളില്‍ 26 റണ്‍സെടുത്ത വിന്‍സ് 10-ാം ഓവറില്‍ ദൗലത്ത് സാദ്രാന്റെ പന്തില്‍ മുജിബുര്‍ റഹ്മാന് കാച്ച് നല്കി മടങ്ങുമ്ബോള്‍ ഇംഗ്ളണ്ട് 44 റണ്‍സാണ് നേടിയിരുന്നത്. തുടര്‍ന്ന് ജോ റൂട്ട് ബെയര്‍ സ്റ്റോയ്ക്കൊപ്പം ഇന്നിംഗ്സ് മുന്നോട്ടുനീക്കി. 12-ാം ഓവറില്‍ 50 കടന്ന ഇംഗ്ളണ്ട് 20-ാം ഓവറില്‍ 100ലെത്തി. തുടര്‍ന്ന് റണ്‍റേറ്റ് ഉയരാന്‍ തുടങ്ങി. 120 റണ്‍സ് കൂട്ടിച്ചേര്‍ത്ത സഖ്യം 36-ാം ഓവറിലാണ് പുറത്തായത്. എട്ടു ഫോറും മൂന്ന് സിക്സും പറത്തിയ ബെയര്‍സ്റ്റോയെ നായ്ബ് സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ക്യാപ്ടന്‍ കളത്തിലേക്കിറങ്ങി. മിന്നലുപോലെ സിക്സുകള്‍ പറത്തിയ മോര്ഗന് സ്കോര്‍ ബോര്‍ഡ് റോക്കറ്റ് വേഗത്തിലാക്കി. റൂട്ടും തകര്‍ക്കാന്‍ തുടങ്ങിയതോടെ അഫ്ഗാന്‍ ബൗളര്‍മാര്‍ നിസഹായരായി. 95 പന്തുകളില്‍ നിന്ന് മോര്ഗന്-റൂട്ട് സഖ്യം കൂട്ടിച്ചേര്‍ത്തത് 189 റണ്‍സാണ്.
47-ാം ഓവറില്‍ നയ്ബ് തന്നെ മോര്‍ഗനെയും റൂട്ടിനെയും റഹ്മത്ത് ഷായുടെ കൈയിലെത്തിച്ചെങ്കിലും അതിനകം ഇംഗ്ളണ്ട് 359/4 എന്ന സ്കോറിലെത്തിയിരുന്നു. ബട്ലറും (2) സ്റ്റോക്സും (2) പെട്ടെന്ന് മടങ്ങിയെങ്കിലും 9 പന്തുകളില്‍ ഒരു ഫോറും നാല് സിക്സുമടക്കം പുറത്താകാതെ 31 റണ്‍സ് നേടി മൊയീന്‍ അലി ടീമിനെ 397ലെത്തിച്ചു.
.
25
സിക്സുകളാണ് ഇംഗ്ളീഷ് ബാറ്റ്സ്‌മാന്‍മാരെല്ലാം ചേര്‍ന്ന് ഇന്നലെ അടിച്ചുകൂട്ടിയത്. ഏകദിന മത്സരത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും കൂടുതല്‍ സിക്സുകള്‍ എന്ന റെക്കാഡ് ഇതോടെ ഇംഗ്ളണ്ട് സ്വന്തമാക്കി. ഈ വര്‍ഷമാദ്യം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ളണ്ട് തന്നെ ഉയര്‍ത്തിയിരുന്ന റെക്കാഡാണ് ഇന്നലെ തിരുത്തിയെഴുതപ്പെട്ടത്.
17
സിക്സുകളാണ് ഇംഗ്ളീഷ് ക്യാപ്ടന്‍ ഇയോന്‍ മോര്‍ഗന്‍ ഇന്നലെ പറത്തിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ ഒരു മത്സരത്തില്‍ നേടുന്ന ബാറ്റ്സ്‌മാന്‍ എന്ന റെക്കാഡും മോര്‍ഗന്‍ സ്വന്തമാക്കി. 16 സിക്സുകള്‍ വീതം നേടിയിരുന്ന ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ, ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാന്‍ എ.ബി. ഡിവില്ലിയേഴ്സ്, വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്‌മാന്‍ ക്രിസ്‌ഗെയ്ല്‍ എന്നിവരുടെ പേരിലുണ്ടായിരുന്ന റെക്കാഡാണ് മോര്‍ഗന്‍ തകര്‍ത്തുകളഞ്ഞത്. ഇന്നലെ സിക്സുകളില്‍ നിന്ന് മാത്രം മോര്‍ഗന്‍ 102 റണ്‍സ് നേടി.
11
സിക്സുകളാണ് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ്ഖാന്‍ ഇന്നലെ വഴങ്ങിയത്.
110
റണ്‍സാണ് റാഷിദ് ഖാന്‍ ഇന്നലെ ഒന്‍പത് ഓവറില്‍ വഴങ്ങിയത്. ഇന്നിംഗ്സില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കുന്ന മൂന്നാമത്തെ ബൗളറായി റാഷിദ് മാറി. 2006ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 10 ഓവറില്‍ 113 റണ്‍സ് വഴങ്ങിയ ആസ്ട്രേലിയന്‍ ബൗളര്‍ മിക്ക് ലെവിസും 2016ല്‍ ഇംഗ്ളണ്ടിനെതിരെ 10 ഓവറില്‍ 110 റണ്‍സ് വഴങ്ങിയ പാകിസ്ഥാനി പേസര്‍ വഹാബ് റിയാസുമാണ് റാഷിദിന് മുന്നിലുള്ളത്. എന്നാല്‍, ഇക്കോണമിയില്‍ ഇവരെക്കാള്‍ മോശമാണ് റാഷിദ് (12:22).
മിസ് ക്യാച്ച്
വ്യക്തിഗത സ്കോര്‍ 28ല്‍ നില്‍ക്കെ റാഷിദിന്റെ ബൗളിംഗില്‍ ദൗലത്ത് സാദ്രാന്‍ മോര്‍ഗന്റെ ക്യാച്ച് കൈവിട്ട് നിര്‍ണായകമായി.
4
ലോകകപ്പിലെ നാലാമത്തെ വേഗതയേറിയ സെഞ്ച്വറിയാണ് മോര്‍ഗന്‍ സ്വന്തമാക്കിയത്. 57 പന്തുകളില്‍ നിന്നാണ് മോര്‍ഗന്‍ മൂന്നക്കം തികച്ചത്.
8
സിക്സുകളാണ് റാഷിദ് ഖാനെതിരെ മോര്‍ഗന്‍ പറത്തിയത്.
142
റണ്‍സാണ് അവസാന പത്തോവറില്‍ ഇംഗ്ളണ്ട് അടിച്ചുകൂട്ടിയത്.
397/6
ഈ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇംഗ്ളണ്ട് ഇന്നലെ നേടിയത്. ബംഗ്ളാദേശിനെതിരെ ഇംഗ്ളണ്ട് തന്നെ ഉയര്‍ത്തിയ 386/6 ആണ് ഇന്നലെ പഴങ്കഥയായത്.
4
ഈ ലോകകപ്പില്‍ ഇത് നാലാം തവണയാണ് ഇംഗ്ളണ്ട് 300ന് മേല്‍ സ്കോര്‍ ഉയര്‍ത്തുന്നത്.
22
ഈ ലോകകപ്പില്‍ മോര്‍ഗന്‍ ഇതുവരെ നേടിയ സിക്സുകളുടെ എണ്ണം 22 ആയി
367
ഈ ലോകകപ്പിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണ് ജോറൂട്ട്. 384 റണ്‍സ് നേടിയ ബംഗ്ളാദേശ് താരം ഷാക്കിബ് അല്‍ഹസാണ് ഒന്നാം സ്ഥാനത്ത്.