പാകിസ്താനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യന്‍ ആരാധകരെ ഞെട്ടിക്കുകയും നിരാശരാക്കുകയും ചെയ്ത സംഭവമായിരുന്നു നായകന്‍ വിരാട് കോലിയുടെ പുറത്താവല്‍. വെറും പുറത്താവലായിരുന്നില്ല, മറിച്ച്‌ സ്വയം പുറത്താക്കിയതാണ് ഇതിന്റെ കാരണം. ഔട്ടാവാതിരുന്നിട്ടും ഔട്ടാണെന്ന് സ്വയം കരുതി കോലി ക്രീസ് വിടുകയായിരുന്നു.

കോലിയുടെ ഔട്ടാവല്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച്‌ പറയുകയാണ് മുന്‍ നായകന്‍ സൗരവ് ഗാംഗുലി.

സംഭവിച്ചത് ഇതു തന്നെ

തെറ്റിദ്ധാരണ കൊണ്ടാണ് കോലി അംപയറുടെ തീരുമാനത്തിനു കാത്തുനില്‍ക്കാതെ ക്രീസ് വിടാനുള്ള കാരണമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. കോലിയുടെ ബാറ്റില്‍ നിന്നും കിറുകിറു ശബ്ദമുണ്ടായിരുന്നു. ബൗണ്‍സറുകള്‍ക്കെതിരേ ബാറ്റുയര്‍ത്തി ഷോട്ട് കളിക്കാന്‍ ശ്രമിക്കുമ്ബോള്‍ ലോകത്തിന്റെ ഏതു ഭാഗത്തായാലും ഇത്തരമൊരു ശബ്ദമുണ്ടാവും.
അപ്പോള്‍ പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടാവാമെന്ന് ആരായാലും വിശ്വസിച്ചു പോവും. എന്നാല്‍ സത്യത്തില്‍ ആ ശബ്ദം കൈയില്‍ നിന്നും വഴുതി മാറുമ്ബോഴുള്ളതാണെന്നും ഒരു ടിവി ചാനലില്‍ ഗാംഗുലി വിശദമാക്കി.

ലക്കി വിക്കറ്റ് ആമിറിന്

പേസര്‍ മുഹമ്മദ് ആമിറിനാണ് ഭാഗ്യം കൊണ്ടു മാത്രം കോലിയുടെ വിക്കറ്റ് ലഭിച്ചത്. 48ാം ഓവറിലെ നാലാമത്തെ പന്തിലായിരുന്നു സംഭവം. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത ഇന്ത്യന്‍ നായകന്‍ ഇന്നിങ്‌സ് അവസാനിക്കുന്നതു വരെ ക്രീസില്‍ നിലയുറപ്പിച്ച്‌ കളിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ആമിറിന്റെ അപ്രതീക്ഷിത ബൗണ്‍സര്‍ കോലിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
ബൗണ്‍സറിനെതിരേ കോലി ഷോട്ടിനു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പന്ത് വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് പിടികൂടുകയും ചെയ്തു.
അപ്പോള്‍ കേട്ട ചെറിയ ശബ്ദമാണ് തന്റെ ബാറ്റ് പന്തില്‍ തട്ടിയിട്ടുണ്ടാവാമെന്ന് കോലിയെ തെറ്റിദ്ധരിപ്പിച്ചത്. തുടര്‍ന്ന് അംപയറുടെ തീരുമാനം വരും മുമ്ബ് തന്നെ അദ്ദേഹം ക്രീസ് വിടുകയുമായിരുന്നു.

മല്‍സരഫലത്തെ ബാധിച്ചില്ല

കോലിയുടെ പുറത്താവല്‍ മല്‍സരഫലത്തെ ബാധിച്ചില്ലെന്നതില്‍ ഇന്ത്യക്കു ആശ്വസിക്കാം. എന്നാല്‍ കോലിയുടെ വിവാദ ഔട്ടാവല്‍ കാരണം കളിയില്‍ ഇന്ത്യ തോറ്റിരുന്നെങ്കില്‍ വലിയ വിമര്‍ശനങ്ങള്‍ തന്നെ ടീമിനു നേരിടേണ്ടി വരുമായിരുന്നു.
മഴ നിയമപ്രകാരം 89 റണ്‍സിനാണ് പാകിസ്താനെ ഇന്ത്യ തകര്‍ത്തുവിട്ടത്. ഇതോടെ ലോകകപ്പില്‍ പാകിസ്താനോടു ഇതു വരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു. ഏഴു തവണ ലോകകപ്പില്‍ കൊമ്ബുകോര്‍ത്തപ്പോഴും ജയം ഇന്ത്യക്കു തന്നെയായിരുന്നു.