ലണ്ടന്‍: ലോകകപ്പിലെ മാന്ത്രിക പന്തുകളിലൊന്നാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ താരം കുല്‍ദീപ് യാദവ് പാകിസ്താനെതിരെ എറിഞ്ഞത്. ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായിരിക്കുന്നത് ബാബര്‍ അസമിനെ പുറത്താക്കിയ ഈ പന്തിനെ കുറിച്ചാണ്. നൂറ്റാണ്ടിലെ പന്തെന്നാണ് ഇതിനുള്ള വിശേഷണം. ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ ഇംഗ്ലണ്ട് താരം മൈക്ക് ഗേറ്റിംഗിനെ പുറത്താക്കിയ പന്താണ് നൂറ്റാണ്ടിലെ പന്തായി വിശേഷിപ്പിക്കപ്പെടുന്നത്. അതേ രീതിയിലുള്ള പന്താണ് കുല്‍ദീപ് എറിഞ്ഞതെന്ന് ക്രിക്കറ്റ് ആരാധകരും പറയുന്നു.
കുല്‍ദീപിന്റെ പന്ത് കുത്തിതിരിഞ്ഞത് ഷെയ്ന്‍ വോണിന്റെ പന്ത് പോലെയാണെന്ന് ആരാധകര്‍ ഉന്നയിക്കുന്നു. ലണ്ടനിലെ മാധ്യമങ്ങള്‍ കുല്‍ദീപിന്റെ പന്തിനെ നൂറ്റാണ്ടിലെ പന്തെന്നാണ് വിശേഷിപ്പിച്ചത്.
അതേസമയം നിരവധി പ്രത്യേകതകള്‍ ഈ പന്തിനുണ്ടായിരുന്നു. മണിക്കൂറില്‍ 78 കിലോമീറ്റര്‍ വേഗതയിലാണ് ഈ പന്ത് വന്നത്. ബാബറിന്റെ ബാറ്റിനും പാഡിനും ഇടയിലേക്കാണ് പന്ത് തിരിഞ്ഞത്. വേഗവും ബൗണ്ടസും കാരണം ബാബറിന്റെ പ്രതിരോധത്തെ കീഴ്‌പ്പെടുത്തി പന്ത് കുറ്റി തെറിപ്പിക്കുകയും ചെയ്തു.
പന്ത് കുത്തിതിരിഞ്ഞ് വലത്തോട്ട് വരുമെന്നായിരുന്നു ബാബര്‍ പ്രതീക്ഷിച്ചത്. ഏത് ബാറ്റ്‌സ്മാനും പ്രതീക്ഷിക്കുന്നതും അത് തന്നെയായിരിക്കും. എന്നാല്‍ എല്ലാ ധാരണയെയും തെറ്റിച്ചാണ് പന്ത് ഉള്ളിലേക്കാണ് തിരിഞ്ഞ് എത്തിയത്. 5.8 ഡിഗ്രിയാണ് പന്ത് കുത്തി തിരിഞ്ഞത്. ഏത് ലോകോത്തര ബാറ്റ്‌സ്മാനും ഈ പന്തില്‍ വീഴുമെന്ന് ഉറപ്പാണ്. ഒന്നാമത്തെ കാര്യം ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇത്രയും കടുത്തൊരു ടേണ്‍ ഒരു ബാറ്റ്‌സ്മാനും പ്രതീക്ഷിക്കില്ല. ബാറ്റിംഗ് പിച്ചാണ് ഇവിടെയുള്ളത്. സ്പിന്നിന് അനുകൂലവുമല്ല.
സാധാരണ മൂന്ന് ഡിഗ്രിയോളം ടേണാണ് മാഞ്ചസ്റ്ററില്‍ ഉണ്ടാവാറുള്ളത്. എന്നാല്‍ രണ്ടര ഡിഗ്രിയോളം കൂടുതലാണിത്. അതേസമയം ഷെയ്ന്‍ വോണിന്റെ നൂറ്റാണ്ടിന്റെ പന്തിന് 14 ഡിഗ്രിയോളം ടേണുണ്ടായിരുന്നു. അത് ഏത് ബാറ്റ്‌സ്മാനും കളിക്കാന്‍ സാധിക്കാത്തതാണ്. അടുത്ത ഓവറില്‍ ഫഖര്‍ സമാനെയും പുറത്താക്കിയാണ് കുല്‍ദീപ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. ഐപിഎല്ലില്‍ മോശം പ്രകടനവുമായിട്ടാണ് കുല്‍ദീപ് ഇംഗ്ലണ്ടിലെത്തിയത്. എന്നാല്‍ അതിനെയെല്ലാം മറികടക്കാന്‍ ഒറ്റ പ്രകടനം കൊണ്ട് താരത്തിന് സാധിച്ചു.