വിവാഹിതയും അമ്മയുമാണെന്ന വിവരം മറച്ചുവെച്ച്‌ ടിക് ടോക്കില്‍ പരിചയപ്പെട്ട യുവാവിനെ കല്ല്യാണം കഴിച്ച യുവതി വെട്ടിലായി. സത്യാവസ്ഥ അറിഞ്ഞ യുവാവ് താലികെട്ടി മണിക്കൂറുകള്‍ക്ക് ശേഷം യുവതിയെ ഉപേക്ഷിച്ചു. കൊച്ചു കുഞ്ഞിനെ ഉപേക്ഷിച്ചതിന് യുവതിക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുത്തു.

ചാവക്കാട് എടക്കഴിയൂരിലാണ് സംഭവം. ടിക് ടോക്കിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ യുവാവുമായി എടക്കഴിയൂര്‍ കാജാ സെന്ററിനടുത്ത് താമസിക്കുന്ന ചേറ്റുവ സ്വദേശിയായ യുവതി പ്രണയത്തിലായിരുന്നു. എന്നാല്‍ താന്‍ വിവാഹിതയാണെന്നോ ഒരു കുട്ടിയുടെ അമ്മയാണെന്നോ യുവതി കാമുകനോട് പറഞ്ഞിരുന്നില്ല. യുവതിയും യുവാവും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും വെള്ളിയാഴ്ച കുട്ടിയെ അയല്‍വാസിയുടെ അടുത്ത് വിട്ട് യുവതി കാമുകനൊപ്പം പോവുകയുമായിരുന്നു.

കടയില്‍ പോയി ഉടന്‍ തിരിച്ചെത്താമെന്ന് വിശ്വസിപ്പിച്ചാണ് കുട്ടിയെ അയല്‍വാസിയുടെ അടുത്ത് ഏല്‍പിച്ചത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് ജോലി ചെയ്യുകയാണ്. ശനിയാഴ്ച യുവതി കാമുകനും ബന്ധുക്കള്‍ക്കുമൊപ്പം ക്ഷേത്രത്തില്‍ പോയി താലി കെട്ടി. എന്നാല്‍, ഇവരുടെ കല്ല്യാണം കഴിഞ്ഞതിന് ശേഷമാണ് യുവതിയുടെ കല്ല്യാണം മുമ്ബ് കഴിഞ്ഞതാണെന്നും ഒരു കുട്ടിയുമുണ്ടെന്ന വിവരം ബന്ധുക്കള്‍ അറിഞ്ഞത്. ഉടന്‍ തന്നെ യുവാവിനെ കാര്യം അറിയിച്ചു.

തുടര്‍ന്ന് കാമുകന്‍ യുവതിയെ വേണ്ടെന്ന് വെച്ചു. കാമുകന്‍ കൈയ്യൊഴിഞ്ഞതോടെ ഗത്യന്തരമില്ലാതെ യുവതി സ്വന്തം വീട്ടില്‍ വിളിച്ച്‌ കാര്യം പറഞ്ഞു. അതിനിടെ വീടു വിട്ട് പോയ യുവതിയെ കാണാനില്ലെന്ന് സഹോദരന്‍ മയ്യില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതി വീട്ടില്‍ വിളിച്ച്‌ കാര്യങ്ങള്‍ പറഞ്ഞതോടെ പോലീസിന്റെ നേതൃത്വത്തില്‍ ഇവരെ തിരിച്ച്‌ നാട്ടിലെത്തിക്കുകയായിരുന്നു.

കാമുകനൊപ്പം പോയ യുവതിയെ യുവതിയെ സ്വീകരിക്കാന്‍ സ്വന്തം വീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും തയ്യാറായില്ല. കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് കേസെടുത്ത് വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കിയ യുവതിയെ തൃശ്ശൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.