കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി തെരഞ്ഞെടുത്തതിന് സ്റ്റേ മാറ്റാന്‍ ജോസ് കെ മാണി കോടതിയെ സമീപിച്ചേക്കും. തര്‍ക്കം കോടതിയിലെത്തിയതോടെ അനുരഞ്ജന ശ്രമങ്ങള്‍ക്ക് പ്രസക്തിയില്ലെന്നാണ് ഇരുവിഭാഗത്തിന്റെയും നിലപാട്.
തെരഞ്ഞെടുത്തതിന് തൊട്ടടുത്ത ദിവസം തന്നെ കോടതിയില്‍ നിന്നുള്ള സ്റ്റേ ജോസ് കെ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയായി. ഇനി വിട്ടുവീഴ്ച്ച വേണ്ടെന്ന് തീരുമാനിച്ച് ജോസ് കെ മാണി ഇന്നലെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി തിരുവനന്തപുരത്തേയ്ക്ക് നടത്താനിരുന്ന യാത്ര ഒഴിവാക്കി. ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കിലും ഇടപെടേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട്.
സിഎഫ് തോമസ് കൂടി ജോസഫ് വിഭാഗത്തിനൊപ്പം ചേര്‍ന്നെങ്കിലും തങ്ങളുടെ ശക്തി ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കാനാണ് ജോസ് കെ മാണി ലക്ഷ്യമിടുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് കോടതി സ്‌റ്റേ ചെയ്തതോടെ ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കത്ത്് അസാധുവായെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിലയിരുത്തല്‍.