സംസ്ഥാനത്ത്‌ പൊതുമരാമത്ത്‌ നിരത്ത്‌ വിഭാഗത്തില്‍ പൊടിച്ച പ്ലാസ്‌റ്റിക്‌ ഉപയോഗിച്ച്‌ ടാര്‍ ചെയ്‌തത്‌ 288.11 കിലോ മീറ്റര്‍ റോഡ്‌. മന്ത്രി ജി സുധാകരന്‍ നിയമസഭയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. റോഡുകളുടെ പുനരുദ്ധാരണത്തില്‍ പൊടിച്ച പ്ലാസ്‌റ്റിക്ക്‌ ഉപയോഗിച്ച്‌ മൊത്തം റോഡിന്റെ 50 ശതമാനം ഭാഗം നിര്‍ബന്ധമായും ചെയ്യണമെന്ന്‌ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എംഎല്‍എമാരായ കെ രാജന്‍, ആര്‍ രാമചന്ദ്രന്‍, ചിറ്റയം ഗോപകുമാര്‍, എല്‍ദോ എബ്രഹാം എന്നിവരുടെ ചോദ്യത്തിന്‌ മറുപടിയായാണ്‌ സുധാകരന്‍ ഇക്കാര്യം അറിയിച്ചത്‌.

റോഡ്‌ നിര്‍മാണത്തിന്‌ വേസ്‌റ്റ്‌ പ്ലാസ്റ്റിക്‌ ഉപയോഗിക്കുന്നത്‌ സംബന്ധിച്ച പഠനങ്ങള്‍ ഇന്ത്യയില്‍ ആദ്യമായി നടത്തുന്നത്‌ മധുരൈ ത്യാഗരാജ എന്‍ജിനീയറിങ്‌ കോളേജിലെ പ്രൊഫ. വാസുദേവന്‍ ആണ്‌. കെഎച്ച്‌ആര്‍ഐ 2006ല്‍ ചാവടിമുക്ക്‌-പുല്ലനിവിള-നരിക്കല്‍ റോഡിന്റെ 500 മീറ്റര്‍ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിച്ചു. അഞ്ച്‌ വര്‍ഷം നടത്തിയ നിരീക്ഷണത്തില്‍ ഇത്‌ കേടുപാടുകളില്ലാതെ നിലനില്‍ക്കുന്നാതായി കണ്ടെത്തിയിരുന്നു. പൊതുമരാമത്ത്‌ നിര്‍മ്മിക്കുന്ന എല്ലാ റോഡിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ റോഡ്‌ നിര്‍മാണം നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.