എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനും കാസര്‍കോട് ഡി.സി.സി നേതൃത്വവും തമ്മില്‍ തുറന്ന പോരിലേക്ക്. പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഇന്നലെ പോയിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അവിടെ വച്ച്‌ നടത്തിയ പ്രസ്താവനയുടെ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നതോടെ ഏറ്റുമുട്ടല്‍ പരസ്യമായി. ഡി.സി.സി പ്രസിഡന്റിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ അഡ്വ. സി.കെ ശ്രീധരനും കെ.പി കുഞ്ഞിക്കണ്ണനും ഹൈക്കമാന്‍ഡിന് കത്ത് അയച്ചുവെന്ന വിവാദം കാസര്‍കോട്ട് നിലനില്‍ക്കെയാണ് ഉണ്ണിത്താന്റെ തുറന്നുപറച്ചില്‍ ഉണ്ടായിരിക്കുന്നത്.

അങ്ങിനെയൊരു കത്തിന്റെ കാര്യം കെ.പി കുഞ്ഞിക്കണ്ണന്‍ അറിയുകപോലും ഇല്ലെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ തന്നെ പിന്നീട് പറഞ്ഞിരുന്നു. ഹക്കിം ‘അതിസമര്‍ത്ഥന്‍’ എന്നുമാത്രമാണ് കെ.പി കുഞ്ഞിക്കണ്ണന്‍ അതിനോട് അപ്പോള്‍ പ്രതികരിച്ചത്. മുസ്ലിം ലീഗിനെ പുകഴ്ത്തിയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിനെ വിമര്‍ശിച്ചുമുള്ള രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് ലൈവ് ആണ് ഇപ്പോള്‍ വിവാദമായത്. കാസര്‍കോട്ടെ തന്റെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ എട്ടുകാലി മമ്മൂഞ്ഞികളാരും വരേണ്ടെന്നും വന്നാല്‍ തനിക്കും ചിലതുപറയേണ്ടിവരുമെന്നും പറഞ്ഞാല്‍ അത് അവര്‍ക്ക് വിഷമമുണ്ടാക്കുമെന്നാണ് ഉണ്ണിത്താന്റെ സാമൂഹ്യ മാധ്യമത്തിലൂടെയുള്ള ഭീഷണി.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ താന്‍ വിജയിച്ചത് യു.ഡി.എഫും ഘടകകക്ഷികളും അഹോരാത്രം പണിയെടുത്തതു കൊണ്ടാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി എന്ന നിലയില്‍ തന്നെ വിജയിപ്പിക്കേണ്ടത് കോണ്‍ഗ്രസിന്റെയും അനുബന്ധ സംഘടനകളുടെയും ഉത്തരവാദിത്തമാണ്. എന്നാല്‍ കോണ്‍ഗ്രസിനേക്കാള്‍ നന്നായി പ്രവര്‍ത്തിച്ചത് ലീഗാണ്. ചിലര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ വരുന്നുണ്ട്. അത് പാഴ് വേലയാണ്. ആരും എട്ടുകാലി മമ്മൂഞ്ഞിയാവാന്‍ ശ്രമിക്കേണ്ട. ശ്രമിച്ചാല്‍ അത്തരക്കാരുടെ ചരിത്രം പറയേണ്ടിവരും. അതിനാല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ചെളിവാരിയെറിയല്‍ നിര്‍ത്തുന്നതാണ് നല്ലതെന്നും ഉണ്ണിത്താന്‍ ഓര്‍മ്മിപ്പിക്കുന്നു.

30 വര്‍ഷത്തിന് ശേഷം മണ്ഡലത്തില്‍ ചരിത്ര നേട്ടം ഉണ്ടാക്കിയപ്പോള്‍ അതിന്റെ ‘ക്രെഡിറ്റ്’ അവകാശപ്പെട്ട് ചിലര്‍ രംഗത്തുവന്നതാണ് ഉണ്ണിത്താനെ ചൊടിപ്പിച്ചത്. സത്യപ്രതിജ്ഞക്ക് മുമ്ബുള്ള വീഡിയോ പോസ്റ്റിന്റെ അവസാനഭാഗം തന്നെ വിജയിപ്പിച്ചവര്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നുവെന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റ് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടുക്കമുണ്ടാക്കിയിരിക്കുകയാണ്. ആരെയും പേരെടുത്തു പറയുന്നില്ലെങ്കിലും മുന എങ്ങോട്ടാണെന്ന് വ്യക്തമാണെന്നാണ് പറയുന്നത്.