സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രിബ്യുണൽ പ്രസിഡന്റും എറണാകുളം-അങ്കമാലി അതിരൂപതാംഗവുമായ റവ. ഡോ. ജോസ് ചിറമേൽ (67 ) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ചെ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു നിര്യാണം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടിനു മഞ്ഞപ്രയിലുള്ള വസതിയിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്കുശേഷം ഉച്ചകഴിഞ്ഞു മൂന്നിന് മാതൃ ഇടവകയായ മഞ്ഞപ്ര ഹോളി ക്രോസ് ഫൊറോനാ പള്ളിയിൽ നടക്കും.
മഞ്ഞപ്ര ചിറമേൽ ഫ്രാൻസിസ്-അന്ന ദന്പതികളുടെ രണ്ടാമത്തെ മകനായി 1952 ഏപ്രിൽ 24 നായിരുന്നു ജനനം. സഹോദരങ്ങൾ: സിസ്റ്റർ റോസി, തോമസ്, ആനി, സിസ്റ്റർ മേരി, ലീല, ജോർജ്, ലിൻസി, ആന്റൂ. 1973 -75 കാലയളവിൽ മംഗലപ്പുഴ സെമിനാരിയിൽനിന്നും ഫിലോസഫിയും 1977 -80 കാലയളവിൽ വടവാതൂർ സെമിനാരിയിൽനിന്നും തിയോളജിയും പൂർത്തിയാക്കി. 1980 ഡിസംബർ 19 ന് മാർ ജോസഫ് പാറേക്കാട്ടിലിൽനിന്നും പൗരോഹിത്യം സ്വീകരിച്ചു.
കാനൻ നിയമത്തിൽ സീറോമലബാർ സഭയിലെ ആധികാരിക ശബ്ദമായിരുന്ന ജോസ് ചിറമേലച്ചൻ റോമിലെ ജോർജിയൻ യൂണിവേഴ്സിറ്റിയിൽനിന്നും മറ്റു വിവിധ സർവകലാശാലകളിൽനിന്നുമാണ് ഡോക്ടറേറ്റും വിവിധ ഡിപ്ലോമകളും കരസ്ഥമാക്കിയത്. ദീർഘകാലമായി കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോമലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രിബ്യൂണൽ പ്രസിഡന്റായി സേവനം ചെയ്തു.