സൗമ്യയെ കൊലപ്പെടുത്തുനതിനിടെ നാല്‍പ്പത് ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍. കിഡ്‌നി തകരാറിലാണ്. ഇന്നലെ ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാല്‍ ഡയാലിസിസ് നടത്താനായിട്ടില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ മരുന്നു കുത്തിവെച്ചങ്കിലും മരുന്നുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇതേ സമയം അജാസിന്റെ വിശദമായ മൊഴി രേഖപ്പെടുത്തണമെന്ന് എറണാകുളം റെയ്ഞ്ച് ഐജി എം ആര്‍ അജിത്ത് അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് അജാസില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയെങ്കിലും ആരോഗ്യനില മോശമായതിനാല്‍ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനായില്ല. പെട്രോള്‍ വാങ്ങിയതും ആയുധം തരപ്പെടുത്തിയതും എവിടെ നിന്ന് എന്നത് ഉള്‍പ്പെടെ നിരവധി വിവരങ്ങള്‍ അജാസില്‍ നിന്നും അറിയേണ്ടതുണ്ട്. ഇതേ സമയം സൗമ്യയുടെ ഭര്‍ത്താവ് നാളെ നാട്ടിലെത്തും നാളെ ഉച്ചയ്ക്ക് ശേഷം സംസ്‌ക്കാര ചടങ്ങുകള്‍ നടത്താനാണ് തീരുമാനം.