ബാലഭാസ്‌കറുമായി അടുപ്പമില്ലെന്നും പ്രകാശ് തമ്പി വഴിയാണ് ബാലഭാസ്‌കറിനെ പരിചയമെന്നും സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലായ സുനില്‍ കുമാര്‍. പ്രകാശും വിഷ്ണുവും പറഞ്ഞിട്ടാണ് നവംബര്‍ മാസത്തില്‍ ദുബായില്‍ പോയതെന്ന് സുനില്‍ കുമാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

അതേസമയം, തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യപ്രതി വിഷ്ണു സോമസുന്ദരം കീഴടങ്ങി. കൊച്ചിയില്‍ ഡിആര്‍ഐ ഓഫീസിലെത്തിയാണ് വിഷ്ണു കീഴടങ്ങിയത്.

കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതികള്‍ ഇയാള്‍ക്കെതിരെ മൊഴി നല്‍കിയതായാണ് വിവരം. വിഷ്ണുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി മുന്‍പാകെ ഹാജരാക്കും. വിഷ്ണുവിന്റെ മൊഴി കസ്റ്റംസ് ആക്ട് പ്രകാരം രേഖപ്പെടുത്തും.