കോട്ടയം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു. രോഗിയെ ചികിത്സിച്ച മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പനി സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയിലാണ് ഇവര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന് സ്ഥിരീകരിച്ചത്. മറ്റ് മൂന്ന് ഡോക്ടര്‍മാര്‍ നിരീക്ഷണത്തിലാണ്.
ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 64 പേര്‍ക്കാണ് ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയലധികം പേര്‍ക്കാണ് ഈ വര്‍ഷം രോഗം ബാധിച്ചത്. ഈ ആഴ്ച 1796 പേര്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയായ വൈക്കം തലയോലപ്പറമ്പ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ ജില്ലയിലെ 80 സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.