സി ഐ നവാസിനെ അസഭ്യം പറഞ്ഞ എറണാകുളം എസിപി, പിഎസ് സുരേഷിനെതിരെ സ്ത്രീ പീഡന പരാതിയും. തന്റെ സഹോദര ഭാര്യയെ എസിപി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി സംവിധായകൻ മേജർ രവി പറഞ്ഞു. അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്കെതിരായ പരാതിയുടെ പകർപ്പ് പുറത്തായി.

പി എസ് സുരേഷ്, പട്ടാമ്പി സിഐ ആയിരുന്ന 2016 ജൂലൈ 9നാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. ഈ ദിവസം രാത്രി 9 മണിയോടെ സുരേഷ് മേജർ രവിയുടെ സഹോദരന്റ വീട്ടിലെത്തി. കുടുംബ സുഹൃത്തുകൂടിയായതിനാൽ കയറിയിരിക്കാൻ പറഞ്ഞ് സഹോദര ഭാര്യ വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ സമയം പിന്നാലെയെത്തി കടന്നുപിടിച്ചെന്നാണ് പരാതിയിലുള്ളത്.

ലൈംഗിക താൽപര്യത്തോടെയുള്ള പ്രവർത്തിയെ ശക്തിയായി ചെറുത്തതോടെയാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്. തൃത്താല സ്റ്റേഷൻ ഹൗസ് ഓഫീസർ മുതൽ ഡിജിപിക്കു വരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് മേജർ രവി പറഞ്ഞു. തന്റെ സഹോദര ഭാര്യക്കുണ്ടായ ദുരനുഭവം മറ്റാർക്കുമുണ്ടാകാതിരിക്കാനാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.