പാകിസ്ഥാനെതിരായ മത്സരത്തിൽ പരിക്കേറ്റ ഇന്ത്യയുടെ പേസ് ബൗളർ ഭുവനേശ്വർ കുമാർ അടുത്ത രണ്ടു മത്സരങ്ങളിൽ കളിക്കില്ല. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത രണ്ട് മത്സരങ്ങളിൽ ഭുവിയുണ്ടാകാൻ സാധ്യതയില്ല. ചിലപ്പോൾ മൂന്നു മത്സരങ്ങൾ നഷ്ടമായേക്കും. അതിനുശേഷം അദ്ദേഹം ടൂർണമെന്റിൽ തിരിച്ചെത്തും. ഞങ്ങളെ സംബന്ധിച്ച് ഭുവനേശ്വർ നിർണായകമായ താരമാണ്- കോഹ്ലി പറഞ്ഞു. ഭുവനേശ്വറിനു പകരം അടുത്ത മത്സരങ്ങളിൽ മുഹമ്മദ് ഷമി കളിക്കുമെന്നും കോഹ്ലി വ്യക്തമാക്കി.
പാകിസ്ഥാനെതിരായ മത്സരത്തിന്റെ മൂന്നാം ഓവറിലാണു ഭുവനേശ്വറിനു പരിക്കേറ്റത്. ഇടതു കാലിൽ പേശീവലിവ് അനുഭവപ്പെട്ട താരം ഓവർ പൂർത്തിയാക്കാതെ ഡ്രസിംഗ് റൂമിലേക്കു മടങ്ങി. അരങ്ങേറ്റ താരം വിജയ് ശങ്കറാണ് പിന്നീട് ആ ഓവർ പൂർത്തിയാക്കിയത്.
ജൂണ്‍ 22-ന് അഫ്ഗാനിസ്ഥാനെതിരെയും ജൂണ്‍ 27-ന് വെസ്റ്റ്ഇൻഡീസിനെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ. ജൂണ്‍ മുപ്പതിനാണ് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം.