കേരള കോൺഗ്രസ്- എം ചെയർമാനായി ജോസ് കെ.മാണിയെ തെരഞ്ഞെടുത്ത ഒരു വിഭാഗത്തിന്റെ നടപടിയെ വീണ്ടും അതിരൂക്ഷമായി വിമർശിച്ച് പി.ജെ.ജോസഫ്. കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റിയെന്ന പേരില്‍ കോട്ടയത്ത് ചേര്‍ന്ന യോഗം അനധികൃതമാണെന്നും യോഗത്തിന് വന്നതില്‍ ബഹുഭൂരിപക്ഷം പേരും വ്യാജന്മാരാണെന്നും ജോസഫ് തുറന്നടിച്ചു. സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കാന്‍ അധികാരമുള്ളവരല്ല യോഗം വിളിച്ചതെന്നും വര്‍ക്കിംഗ് ചെയര്‍മാനായ തനിക്ക് മാത്രമേ സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ അധികാരമുള്ളുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ജോസ് കെ.മാണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ നിലനില്ക്കില്ലെന്നാവർത്തിച്ച ജോസഫ് 312 സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ യോഗത്തിൽ പങ്കെടുത്തുവെന്ന വാദം തെറ്റാണെന്നും പറഞ്ഞു. യോഗത്തില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിപക്ഷവും സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ല. ഒരു ആള്‍ക്കൂട്ടമാണ് ചെയര്‍മാനെ തീരുമാനിച്ചിരിക്കുന്നത്. ഇത് നിലനില്‍ക്കില്ല- ജോസഫ് കൂട്ടിച്ചേർത്തു.
കേരള കോണ്‍ഗ്രസ് മാണി എന്ന പാര്‍ട്ടിയില്‍നിന്ന് ചിലര്‍ വിട്ടുപോയെന്നും ഡെപ്യൂട്ടി ചെയര്മാന് സി.എഫ്. തോമസ്, ഓഫീസ് ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രഹാം, പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവര്‍ ചേര്‍ന്ന് കേരള കോണ്‍ഗ്രസിനെ നയിക്കുമെന്നും ജോസഫ് വിശദീകരിച്ചു.