പി.കെ. ശശി എംഎൽഎയ്ക്കെതിരേ പരാതി നൽകിയ യുവതിയുടെ വാദങ്ങൾ തള്ളി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. യുവതിയുടെ പരാതി തെറ്റിദ്ധാരണ മൂലമുണ്ടായതാണ്. ജില്ലാ ഘടകത്തിൽനിന്ന് ചിലരെ ഒഴിവാക്കിയത് മറ്റ് പ്രശ്നങ്ങൾ കൊണ്ടാണെന്നും റഹീം വ്യക്തമാക്കി.
പരാതിയുണ്ടെങ്കിൽ യുവതി പാർട്ടി ഘടകത്തെയായിരുന്നു അറിയിക്കേണ്ടിയിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നത് ശരിയായ നടപടിയല്ല. പരാതിയിൽ യുവതിക്കൊപ്പം നിന്നില്ല എന്ന ആരോപണം ശരിയല്ലെന്നും റഹീം പറഞ്ഞു. അതേസമയം, ശശിക്കെതിരേ യുവതി പോലീസിൽ പരാതി നൽകിയാൽ നടപടിയുണ്ടാകുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
ശശിയ്ക്കെതിരേ സിപിഎം ദേശീയതലത്തിലും സംസ്ഥാനതലത്തിലും നേതൃത്വത്തിനു പീഡന പരാതി നൽകിയ ഡിവൈഎഫ്ഐ വനിതാനേതാവ് സംഘടനാ ചുമതലകളിൽനിന്ന് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം, മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം എന്നീ ചുമതലകളിൽനിന്നാണ് ഒഴിവായത്.
എംഎൽഎയ്ക്കെതിരെ പരാതി നൽകിയശേഷം സംഘടനയുടെ വിവിധ ഘടകങ്ങളിൽ പ്രവർത്തിക്കുന്ന അംഗങ്ങളിൽനിന്ന് താൻ നിരന്തരം വേട്ടയാടപ്പെടുകയായിരുന്നു. തനിക്കൊപ്പം നിലകൊണ്ടത് വളരെ ചുരുക്കം അംഗങ്ങളായിരുന്നു. തനിക്ക് അനുകൂല നിലപാടെടുത്തതിന്റെ പേരിൽ ചിലരെ തരംതാഴ്ത്തിയതായും യുവതി വ്യക്തമാക്കിയിരുന്നു.