പശ്ചിമബംഗാളിൽ ഏഴ് ദിവസമായി ജൂനിയർ ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുമായി ഡോക്ടർമാരുടെ പ്രതിനിധികൾ നടത്തിയ ചർച്ചയേത്തുടർന്നാണ് തീരുമാനം. ചർച്ച തൃപ്തികരമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. സെക്രട്ടറിയേറ്റ് മന്ദിരത്തിൽ നടന്ന ചർച്ചയ്ക്ക് ശേഷം എൻആർഎസ് ആശുപത്രിയിൽ മടങ്ങിയെത്തിയാണ് ഡോക്ടർമാർ ചർച്ച പിൻവലിക്കുന്നുവെന്ന് മാധ്യമങ്ങളെ അറിയിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ് ഡോക്ടർമാരെ സന്ദർശിക്കാമെന്ന് മമത ഉറപ്പ് നൽകിയതായും ഡോക്ടർമാർ വ്യക്തമാക്കി. ജൂനിയര്‍ ഡോക്ടർമാരെ ഒരു സംഘമാളുകള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം കൂടുതല്‍ ശക്തി പ്രാപിച്ച സാഹചര്യത്തിലാണ് ഡോക്ടര്‍മാരുമായി രമ്യതയിലെത്താൻ മമത ചർച്ചയ്ക്ക് തയാറായത്.
ആശുപത്രികളിൽ മതിയായ സുരക്ഷാ ഉറപ്പാക്കണമെന്നതായിരുന്നു ഡോക്ർമാരുടെ പ്രധാന ആവശ്യം. ഡോക്ർമാരെ ആക്രമിച്ചവർക്കെതിരെ കർശന നടപടി വേണമെന്നും ഇവർ ചർച്ചയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ എല്ലാം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും ഡോക്ടർമാർ വ്യക്തമാക്കി
14 മെഡിക്കൽ കോളജുകളിൽ നിന്നായി 28 പേരാണ് ചർച്ചയിൽ പങ്കെടുത്തതെന്നാണ് വിവരം.