മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന് സോണിയ ഗാന്ധിയുടെ വക ശാസന. എംപിമാരുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് കൊടിക്കുന്നിലിനെ സോണിയ ശാസിച്ചത്. കൊടിക്കുന്നിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യാതെ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തതാണ് സോണിയയെ ചൊടിപ്പിച്ചത്. എംപിമാർക്ക് അവരവരുടെ ഭാഷയിൽ സത്യപ്രതിജ്ഞ ചെയ്യാൻ പാടില്ലേ എന്ന് സോണിയ ചോദിച്ചു.

കേരളത്തിൽ നിന്നുള്ള എംപിമാരുടെ സത്യപ്രതിജ്ഞ ഉച്ചയ്ക്ക് ശേഷമാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും രാവിലെ തന്നെ കൊടിക്കുന്നിലിന്‍റെ സത്യപ്രതിജ്ഞ കഴിഞ്ഞിരുന്നു. പ്രോടെം സ്പീക്കറെ സഹായിക്കുന്ന സമിതിയിലെ അംഗമായതിനാൽ പ്രധാനമന്ത്രിക്ക് പിന്നാലെ കൊടിക്കുന്നിൽ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. മാതൃഭാഷ വിട്ട് ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. ബിജെപി അംഗങ്ങൾ കൊടിക്കുന്നിലിന്‍റെ ഹിന്ദി സത്യപ്രതിജ്ഞ ഹർഷാരവത്തോടെ വരവേൽക്കുകയും ചെയ്തു. ഇതോടെയാണ് സോണിയ അതൃപ്തി അറിയിച്ചത്.

കൊടിക്കുന്നിലിന് ശാസന കിട്ടിയതോടെ ഹിന്ദിയിൽ സത്യപ്രതിജ്ഞയ്ക്ക് തയാറായിരുന്ന കേരളത്തിലെ മറ്റ് യുഡിഎഫ് അംഗങ്ങൾ നിലപാട് മാറ്റി. ചിലർ ഇംഗ്ലീഷിലും ശേഷിക്കുന്നവർ മാതൃഭാഷയിലുമാകും സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് വിവരം. സോണിയയുടെ നിലപാട് അറിയും മുൻപ് കേരളത്തിൽ നിന്നുള്ള പല അംഗങ്ങളും ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ പരിശീലനം നടത്തുന്നുണ്ടായിരുന്നു.