ഇടയ്ക്കിടെ തടസപ്പെടുത്താനെത്തിയ മഴ മേഘങ്ങൾക്കും ഇന്ത്യയുടെ വിജയത്തെ ഒഴുക്കിക്കളയാനായില്ല. ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ 89 റൺസിനു പരാജയപ്പെടുത്തി. മഴ നിയമപ്രകാരം 40 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ പാക് വിജയലക്ഷ്യം 302 റൺസായി പുതുക്കി നിശ്ചയിച്ചു. എന്നാൽ പാക്കിസ്ഥാന് 212 റൺസ് എടുക്കാൻ മാത്രമാണ് സാധിച്ചത്.
336 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്കു ബാറ്റു വീശിയ പാക്കിസ്ഥാന് ഒരു ഘട്ടത്തിൽപോലും ഇന്ത്യയെ ഭയപ്പെടുത്താനായില്ല. രണ്ടാം വിക്കറ്റിൽ ഫഖർ സൽമാന്റെയും (62) ബാബർ അസമിന്റെയും (48) ചെറുത്തുനിൽപ്പ് മാത്രമാണ് ഇതിന് അപവാദമായത്. തുടക്കത്തിലെ ഇമാം ഉൾ ഹഖിനെ (7) നഷ്ടമായ പാക്കിസ്ഥാനെ ഇരുവരും ചേർന്ന് മുന്നോട്ടു നയിച്ചു. ഈ കൂട്ടുകെട്ട് (104) സെഞ്ചുറി തികച്ച് മുന്നേറിയപ്പോൾ ചൈനാമാൻ കുൽദീപ് യാദവ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് നൽകി.
ബാബർ അസമിനെ ബൗൾഡാക്കിയ കുൽദീപ് തൊട്ടടുത്ത ഓവറിൽ ഫഖർ സൽമായും മടക്കി. ഇതോടെ പതറിയ പാക്കിസ്ഥാന് പിന്നീട് കരകയറാൻ സാധിച്ചില്ല. മുഹമ്മദ് ഹാഫീസിനെയും (9) മാലിക്കിനെയും (0) അടുത്തടുത്ത പന്തിൽ പുറത്താക്കി പാണ്ഡ്യ ഇന്ത്യൻ വിജയം ഉറപ്പിച്ചു. ക്യാപ്റ്റൻ സർഫറാസ് അഹമ്മദിനെ (12) വിജയ് ശങ്കറും മടക്കി. ലോകകപ്പിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റെടുക്കുന്ന ആദ്യ താരമെന്ന റിക്കാർഡും ഇതിനിടെ വിജയ് ശങ്കർ സ്വന്തമാക്കിയിരുന്നു. പരിക്കേറ്റ ഭുവനേശ്വർ കുമാറിനു പകരക്കാരനായി അഞ്ചാം ഓവർ എറിയാനെത്തിയ വിജയ് ശങ്കർ ഇമാം ഉൾ ഹഖിനെ പുറത്താക്കിയാണ് ചരിത്രം സൃഷ്ടിച്ചത്. ഇമാം വാസിമും (46) ഷബാദ് ഖാനും (20) പുറത്താകാതെ നിന്നു.
നേരത്തെ രോഹിത് ശർമയുടെ കിടിലോൽക്കിടലം സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ 337 റൺസിന്റെ വിജയലക്ഷ്യം തീർത്തത്. ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറി നേടിയ വൈസ് ക്യാപ്റ്റൻ രോഹിതിന്റെയും (140) അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ (77) മികവിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 336 റൺസ് സ്വന്തമാക്കിയത്.
ഓപ്പണിംഗ് വിക്കറ്റിലും (136) രണ്ടാം വിക്കറ്റിലും (98) മൂന്നാം വിക്കറ്റിലും (51) മികച്ച പ്രകടനം നടത്തിയ ഇന്ത്യ അവസാന ഓവറുകളിൽ നിരാശപ്പെടുത്തി. എം.എസ് ധോണിയേയും (0) ഹാർദിക് പാണ്ഡ്യയേയും (26) കോഹ്ലിയേയും പുറത്താക്കിയ പാക് പേസർ മുഹമ്മദ് ആമീറാണ് ഇന്ത്യയെ വരിഞ്ഞു മുറുക്കിയത്. കൂറ്റൻ അടിയിലൂടെ റൺ നിരക്ക് ഉയർത്തുമെന്നു പ്രതീക്ഷിച്ച വിജയ് ശങ്കറും (15 പന്തിൽ 15*) കേദാർ ജാദവും (എട്ട് പന്തിൽ 9*) നിരാശപ്പെടുത്തിയതോടെ ഇന്ത്യക്ക് അർഹിച്ച 20 റൺസ് എങ്കിലും നഷ്ടമായി. ഇരുവരുടേയും തുഴച്ചിൽ സ്കോർ 350 കടക്കുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കി.
113 പന്ത് നേരിട്ട രോഹിതിന്റെ ബാറ്റിൽനിന്നും 14 ഫോറും മൂന്നു സിക്സറുകളും പിറന്നു. മെല്ലെ തുടങ്ങി കത്തിക്കയറുകയായിരുന്നു രോഹിത്. 78 പന്തിൽ മൂന്നു ഫോറും രണ്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. വഹാബ് റിയാസിന്റെ പന്തിൽ ബാബർ അസം പിടിച്ചാണ് രാഹുൽ പുറത്തായത്. ഹസൻ അലിക്ക് വിക്കറ്റ് നൽകിയാണ് രോഹിത് മടങ്ങിയത്.
ജയത്തോടെ നാല് കളികളിൽ ഏഴു പോയിന്റുമായി ഇന്ത്യ മൂന്നാം സ്ഥാനത്തായി. അഞ്ച് കളികളിൽ എട്ട് പോയിന്റുള്ള ഓസ്ട്രേലിയയാണ് ഒന്നാമത്. ഏഴു പോയിന്റുള്ള ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തും. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടർച്ചയായ ഏഴാം വിജയമായിരുന്നിത്. ഈ ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവും.