‘ടോസ്‌ നേടിയാല്‍ ബാറ്റിങ്‌ തെരഞ്ഞെടുക്കണം’. പാക്‌ ക്രിക്കറ്റ്‌ ടീം മുന്‍ ക്യാപ്‌റ്റന്‍ കൂടിയായ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക്‌ താരങ്ങള്‍ക്കു നല്‍കിയ നിര്‍ദേശമതായിരുന്നു. ഇന്നലെ ടോസിലെ ഭാഗ്യം പാക്‌ ക്യാപ്‌റ്റന്‍ സര്‍ഫ്രാസ്‌ അഹമ്മദിനൊപ്പമായിരുന്നു. എന്നാല്‍, അദ്ദേഹം പ്രധാനമന്ത്രിയുടെ നിര്‍ദേശം അവഗണിച്ചു ആദ്യം ഫീല്‍ഡ്‌ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനു ശേഷം പാകിസ്താന്റെ ദയനീയ തോൽ‌വിയിൽ സർഫ്രാസ് മറുപടി പറയേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

ഇമ്രാന്റെ ഉപദേശം അവഗണിച്ച സര്‍ഫ്രാസിനു തൊട്ടതെല്ലാം പിഴയ്‌ക്കുന്നതാണു പിന്നീട്‌ കണ്ടത്‌. രോഹിത്‌ ശര്‍മയും കെ.എല്‍. രാഹുലും ചേര്‍ന്ന്‌ മികച്ച തുടക്കംനല്‍കിയതോടെ ഇന്ത്യന്‍ ടീം അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 336 റണ്‍സെടുക്കുകയായിരുന്നു. വിമര്‍ശനങ്ങള്‍ക്കിടയിലും പാക്‌ ക്യാപ്‌റ്റന്‌ ആശ്വസിക്കാനുള്ള വക ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട്‌ കോലി നല്‍കുന്നുണ്ട്‌. ടോസ്‌ നേടിയാല്‍ താനും ഫീല്‍ഡിങ്‌ തെരഞ്ഞെടുക്കുമായിരുന്നെന്നായിരുന്നു കോലിയുടെ വാക്കുകള്‍.